ന്യൂഡല്‍ഹി : ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മികച്ച ഫിനിഷറാകാൻ സൂര്യകുമാർ യാദവിന് കഴിയുമെന്ന് മുൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ ദിലീപ് വെങ്‌സർക്കാർ. ആര് ഏത് നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് പറയാന്‍ തനിക്ക് കഴിയില്ല. അത് പരിശീലകന്‍, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവരെ സംബന്ധിച്ച കാര്യമാണെന്നും വെങ്‌സർക്കാർ പറഞ്ഞു.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സൂര്യകുമാറിന് അഞ്ചാം നമ്പറിലും അതിന് കഴിയുമെന്ന് തോന്നുന്നുവെന്നും വെങ്‌സർക്കാർ അഭിപ്രായപ്പെട്ടു. "ടി20 ഫോര്‍മാറ്റ് ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും പോലെയല്ല, അവിടെ നിങ്ങൾക്ക് ചില പൊസിഷനുകളിൽ ചില ബാറ്റർമാർ ആവശ്യമാണ്.
ഈ ഫോർമാറ്റിൽ, ആർക്കും എവിടെയും ബാറ്റ് ചെയ്യാം. നിങ്ങള്‍ക്ക് സെറ്റില്‍ ചെയ്‌ത് കളിക്കാന്‍ മാത്രം അധികം സമയം ലഭിക്കില്ല. ചിലപ്പോള്‍ ഓരോ പന്തിലും റണ്‍സ് കണ്ടെത്തേണ്ടതായി വരും"- വെങ്‌സർക്കാർ കൂട്ടിച്ചേർത്തു.
ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കുകാരനാണ് സൂര്യകുമാര്‍ യാദവ്. മികച്ച ഷോട്ടുകള്‍ കയ്യിലുള്ള സൂര്യകുമാറിന് മൈതാനത്തിന്‍റെ എല്ലാവശത്തേക്കും പന്തടിക്കാനാവും. 2021ൽ ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം 13 ടി20യിൽ നിന്ന് 340 റൺസും 28 ഏകദിനങ്ങളിൽ നിന്ന് 811 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഉമ്രാന്‍ മാലിക്, ശുഭ്‌മാൻ ഗിൽ, മുഹമ്മദ് ഷമി എന്നിവരും ഇന്ത്യൻ ടീമിന്‍റെ ഭാഗമാകേണ്ടതായിരുന്നുവെന്നും വെങ്‌സർക്കാർ കൂട്ടിച്ചേര്‍ത്തു. മൂവര്‍ക്കും ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സ്‌ക്വാഡില്‍ എത്തിയില്ലെങ്കിലും സ്റ്റാന്‍ഡ് ബൈ താരമായി ഷമി ടീമിനൊപ്പം ഇടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.