മുംബൈ : ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ദക്ഷിണാഫ്രിക്ക ടി20 ലീഗിലെ ഫ്രാഞ്ചൈസിയില്‍ എംഎസ് ധോണി കളിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് വിരാമം. ഐപിഎല്ലിൽ കരാറിലുള്ളതിനാല്‍ ധോണിക്ക് മെന്‍ററായി പോലും വിദേശ ടി20 ലീഗിന്‍റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ബിസിസിഐ ഒഫീഷ്യല്‍. ഒരു ദേശീയമാധ്യമത്തോടാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പ്രതികരിച്ചത്.
'എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാതെ ആഭ്യന്തര താരങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും മറ്റ് ലീഗുകളുടെ ഭാഗമാകാന്‍ കഴിയില്ല. ഏതെങ്കിലും കളിക്കാരൻ വരാനിരിക്കുന്ന ഈ ലീഗുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബിസിസിഐയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതിന് ശേഷം മാത്രമേ അതിന് കഴിയൂ.
വിദേശ ലീഗിന്‍റെ ഭാഗമായാല്‍ ചെന്നൈക്കായി ഐപിഎല്‍ കളിക്കാനാവില്ല. അങ്ങനെ ഭാഗമാകണമെങ്കില്‍ ഐപിഎല്ലില്‍ നിന്ന് ആദ്യം വിരമിക്കുകയാണ് വേണ്ടത്'- ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.
also read: 'ബാബറിന് കോലിയെപ്പോലെ ഏറെ നീണ്ട ദുരിതകാലമുണ്ടാവില്ല' ; കാരണങ്ങള്‍ നിരത്തി ആഖിബ് ജാവേദ്
അതേസമയം വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാത്തത് ക്രിക്കറ്റ് ലോകത്ത് ഏറെ നാളായി വലിയ ചര്‍ച്ചാവിഷയമാണ്. 2019-ൽ, ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്‍റെ (ടികെആർ) ഡ്രസ്സിങ് റൂമിൽ നിന്ന് കരീബിയൻ പ്രീമിയർ ലീഗ് മത്സരം കണ്ടതിനെ തുടര്‍ന്ന് ദിനേഷ് കാർത്തിക്കിന് നിരുപാധികം മാപ്പ് പറയേണ്ടി വന്നത് വാര്‍ത്തയായിരുന്നു.