അഹമ്മദാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) പോരിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇരു ടീമും. നാളെ (ഒക്‌ടോബര്‍ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ (Ahmedabad Narendra Modi Stadium) ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പിലെ മൂന്നാം ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
ഓസ്‌ട്രേലിയ (Australia), അഫ്‌ഗാനിസ്ഥാന്‍ (Afghanistan) ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിനൊരുങ്ങുന്നത്. മറുവശത്ത് നെതര്‍ലന്‍ഡ്‌സ് (Netherlands), ശ്രീലങ്ക (Sri Lanka) ടീമുകളാണ് പാകിസ്ഥാന്‍ പടയോട്ടത്തിന് മുന്നില്‍ വീണത്. ശ്രീലങ്കയ്‌ക്കെതിരെ തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ കൂടിയാകും പാകിസ്ഥാന്‍ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.
നിലവില്‍ അഹമ്മദാബാദിലാണ് ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍. ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മുന്‍പായി ബാബര്‍ അസമിന്‍റെ (Babar Azam) നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ടീം ഇന്നലെ (ഒക്‌ടോബര്‍ 12) നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. പാക് ടീമിലെ പ്രധാന താരങ്ങളെല്ലാം ആദ്യ പ്രാക്‌ടീസ് സെഷനില്‍ പങ്കെടുത്തിരുന്നു. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 12) വൈകുന്നേരത്തോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനത്തിന് ഇറങ്ങിയത് (Pakistan Cricket Team Training Session at Narendra Modi Stadium).
അതേസമയം, ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും (Shubman Gill) കഴിഞ്ഞ ദിവസം നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. ഡെങ്കിപ്പനി ബാധിച്ച താരത്തിന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളും നഷ്‌ടപ്പെട്ടിരുന്നു. പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് താരം ഇന്നലെ നെറ്റ്സില്‍ ബാറ്റ് ചെയ്യാനെത്തിയതെന്നാണ് വിവരം.
ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പായിരുന്നു ശുഭ്‌മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം നഷ്‌ടമായി. ഡെങ്കിപ്പനിയെ തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതോടെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
ഇതോടെ, ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ ഗില്ലിന് സാധിച്ചില്ല. ചെന്നൈയില്‍ ചികിത്സയില്‍ കഴിഞ്ഞ ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഒക്‌ടോബര്‍ 11നാണ് അഹമ്മദാബാദില്‍ എത്തി ടീമിനൊപ്പം ചേര്‍ന്നത്. ഇതിന് അടുത്ത ദിവസത്തിലായിരുന്നു താരം പരിശീലനത്തിനിറങ്ങിയത്.