മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ വീണ്ടുമൊരു ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം (India vs New Zealand). കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ 'മെന്‍ ഇന്‍ ബ്ലൂ' ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് കിവീസിന്‍റെ ലക്ഷ്യം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ആവേശ മത്സരം ഇന്ന് (നവംബര്‍ 15) ഉച്ചയ്‌ക്ക് രണ്ടിനാണ് ആരംഭിക്കുന്നത്.
ലോകകപ്പിലെ ആദ്യ റൗണ്ടില്‍ മിന്നും പ്രകടനം നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. കളിച്ച മുഴുവന്‍ മത്സരങ്ങളിലും രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത് ആധികാരിക ജയം. പ്രാഥമിക റൗണ്ടില്‍ കിവീസിനെ തകര്‍ക്കാനായത് നീലപ്പടയ്‌ക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ്.
മറുവശത്ത് ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കിവീസിന്‍റെ വരവ്. ലോകകപ്പില്‍ 9 പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ 5 ജയം നേടാന്‍ സാധിച്ചുവെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ഇതോടൊപ്പമാണ്, ഇന്ത്യയ്‌ക്കെതിരായ ഐസിസി ടൂര്‍ണമെന്‍റുകളിലെ നോക്ക് ഔട്ട് പ്രകടനങ്ങളുടെ കണക്കും.
മാച്ച് വിന്നര്‍മാരുടെ കൂട്ടം: രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി അങ്ങനെ തങ്ങളുടെ പ്രകടന മികവ് കൊണ്ട് മത്സരം അനുകൂലമാക്കാന്‍ കഴിയുന്ന നിര തന്നെ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. രോഹിത് ശര്‍മ നല്‍കുന്ന തുടക്കവും വിരാട് കോലിയുടെ ബാറ്റിങ്ങ് മികവിനൊപ്പം മറ്റ് താരങ്ങളും താളം കണ്ടെത്തിയാല്‍ ഇന്ത്യയ്‌ക്ക് വാങ്കഡേയില്‍ കിവീസിനെ തല്ലിപ്പറപ്പിക്കാം. ബൗളര്‍മാരുടെ ശവപ്പറമ്പാകുന്ന മുംബൈയില്‍ പന്തെറിഞ്ഞ് ശീലമുള്ള ജസ്‌പ്രീത് ബുംറയുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാകും. മുഹമ്മദ് ഷമി വിക്കറ്റ് വേട്ട തുടരുകയും ശ്രീലങ്കയ്‌ക്കെതിരായ വാങ്കഡെയിലെ പ്രകടനം സിറാജും ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായേക്കില്ല.
കരുത്തരുടെ നിരയാണ് ന്യൂസിലന്‍ഡിനുമുള്ളത്. രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വെല്ലുവിളിയാകാന്‍ പോന്നവര്‍. പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലാണ് എന്നതും വാങ്കഡെയിലെ ബാറ്റിങ് പറുദീസയില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കിവീസിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ബൗളിങ്ങില്‍ അവരുടെ ലീഡിങ് വിക്കറ്റ് ടേക്കറായ മിച്ചല്‍ സാന്‍റ്‌നറിലാണ് ടീമിന്‍റെ പ്രതീക്ഷ. പേസര്‍ ട്രെന്‍റ് ബോള്‍ട്ട് താളം കണ്ടെത്തിയെന്നതും ടീമിന്‍റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു.
ടോസ് നിര്‍ണായകം: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തില്‍ ഏറെ നിര്‍ണായകമാകുന്നത് ടോസ് ആയിരിക്കും. ലോകകപ്പിലെ അഞ്ചാമത്തെ മത്സരത്തിനാണ് വാങ്കഡെ വേദിയാകാന്‍ ഒരുങ്ങുന്നത്. നേരത്തെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌തവര്‍. ചേസ് ചെയ്‌ത് ജയം നേടിയത് ഓസ്‌ട്രേലിയ മാത്രം. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്‌ത് വമ്പന്‍ സ്കോര്‍ കണ്ടെത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കാനായിരിക്കും ശ്രമിക്കുന്നത്.
ഇന്ത്യ സ്ക്വാഡ് ഏകദിന ലോകകപ്പ് 2023 (India Squad For CWC 2023): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ.
ന്യൂസിലന്‍ഡ് സ്‌ക്വാഡ് ഏകദിന ലോകകപ്പ് 2023 (New Zealand Squad For CWC 2023): ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്‌നര്‍, മാര്‍ക്ക് ചാപ്‌മാന്‍, ട്രെന്‍റ് ബോള്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, കൈല്‍ ജാമിസണ്‍, ഇഷ് സോധി.