ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ന് ഇംഗ്ലണ്ട് അഫ്‌ഗാനിസ്ഥാന്‍ (England vs Afghanistan) പോരാട്ടം. തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നതെങ്കില്‍, ആദ്യ ജയം തേടിയാണ് അഫ്‌ഗാനിസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് തോല്‍വിയോടെയാണ് ലോകകപ്പ് യാത്ര തുടങ്ങിയത്. ന്യൂസിലന്‍ഡായിരുന്നു ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് സംഘത്തെ തകര്‍ത്തത്. രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 137 റണ്‍സിന്‍റെ വമ്പന്‍ ജയം നേടി ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തന്നെ തിരിച്ചെത്താന്‍ ഇംഗ്ലീഷ് പടയ്‌ക്കായിരുന്നു.
ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണ്. നായകന്‍ ജോസ് ബട്‌ലര്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. ബൗളിങ് നിരയുടെ ഫോമും ഇംഗ്ലണ്ടിന്‍റെ കരുത്താണ്.
മറുവശത്ത്, കളിച്ച ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാന്‍. ആദ്യ മത്സരം ബംഗ്ലാദേശിനോട് ആറ് വിക്കറ്റിനും രണ്ടാമത്തെ കളിയില്‍ ഇന്ത്യയോട് എട്ട് വിക്കറ്റിനുമായിരുന്നു അഫ്‌ഗാന്‍ പരാജയപ്പെട്ടത്. ക്യാപ്‌റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ്, അസ്മത്തുള്ള ഒമര്‍സായി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അഫ്‌ഗാന്‍ നിരയില്‍ മറ്റാര്‍ക്കും ഇതുവരെയും മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. റാഷിദ് ഖാന്‍ ഉള്‍പ്പടെയുള്ള ബൗളര്‍മാരും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് നിലവില്‍ അവര്‍ക്ക് തിരിച്ചടി.
ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 England Squad): ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലി, മാർക്ക് വുഡ്, ആദിൽ റഷീദ്.
അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad) : റഹ്മാനുള്ള ഗുർബാസ്, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, റിയാസ് ഹസൻ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, ഇക്രം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, അബ്‌ദുല്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, നൂർ അഹമ്മദ്.