ലണ്ടന്‍: ക്രിക്കറ്റിന്‍റെ ബൈബിൾ എന്ന പേരില്‍ അറിയപെടുന്ന വിസ്‌ഡന്‍റെ പതിറ്റാണ്ടിലെ ട്വന്‍റി-20 ടീമില്‍ ഇടം നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പേസ് ബോളർ ജസ്‌പ്രീത് ബുംമ്രയും. അതേ സമയം ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഹിറ്റ്മാന്‍ രോഹിത് ശർമ്മയും ഇടം നേടിയിട്ടില്ല.
2016 ൽ അരങ്ങേറ്റം കുറിച്ചിട്ടും ഇന്ത്യൻ പേസ് കുന്തമുന ബൂംറ പതിറ്റാണ്ടിന്‍റെ ടീമില്‍ ഇടംനേടിയതായി വിസ്‌ഡന്‍ പറഞ്ഞു. ട്വന്‍റി-20 ക്രിക്കറ്റില്‍ 53-ാണ് കോലിയുടെ ബാറ്റിങ് ശരാശരി. ഈ ദശകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയാണ് ഇതെന്ന് വിസ്‌ഡന്‍ വ്യക്തമാക്കി. സ്ഥിരത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കോലിക്ക് ബാറ്റിങ് ശരാശരിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന് മികച്ച നിരക്കില്‍ സ്‌കോർ ചെയ്യാന്‍ സാധിക്കുന്നുണ്ട്. പേസ്, സ്പ്പിന്‍ ബോളർമാരെ ഫലപ്രദമായി നേരിടുന്ന മികച്ച വണ്‍ ഡൗണ്‍ ബാറ്റ്സ്‌മാനാണ് കോലിയെന്നും വിസ്‌ഡന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ വിസ്‌ഡന്‍റെ ഈ ദശകത്തിലെ ഏകദിന, ട്വന്‍റി-20 ടീമുകളിലും കോലി ഇടം നേടി. വിസ്‌ഡന്‍ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിലും ഇന്ത്യന്‍ നായകന്‍ ഇടം നേടി. കോലിയെ കൂടാതെ സ്‌റ്റീവ് സ്‌മിത്ത്, ഡെയില്‍ സ്‌റ്റെയിന്‍, എബി ഡിവില്ലിയേഴ്‌സ്, വനിതാ താരം എല്ലിസ് പെറി എന്നിവരാണ് മറ്റ് താരങ്ങൾ.
വിസ്‌ഡന്‍റെ പതിറ്റാണ്ടിലെ ട്വന്‍റി-20 ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍), കോളിന്‍ മുണ്‍റോ, വിരാട് കോലി, ഷെയിന്‍ വാട്‌സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോസ് ബട്ട്‌ലർ, മൊഹമ്മദ് നബി, ഡേവിഡ് വില്ലി, റഷീദ് ഖാന്‍, ജസ്‌പ്രീത് ബൂമ്ര, ലസിത് മലിംഗ.