ലണ്ടന്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാന്‍ സാധ്യത കുറവാണെന്ന് ഇംഗ്ലണ്ടിന്‍റെ നിശ്ചിത ഓവർ ക്രിക്കറ്റ് നായകന്‍ ഓയിന്‍ മോർഗന്‍. ലോകകപ്പ് നടത്തിയാല്‍ രണ്ടാമത് ഒരു കൊവിഡ് 19 വ്യാപനം ഓസ്‌ട്രേലിയയില്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോർഗന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അതിർത്തി അടച്ചതും യാത്രാ നിയന്ത്രണങ്ങളും കാരണം ഓസ്‌ട്രേലിയയില്‍ കൊവിഡ് 19 വ്യാപനം ഒരു പരിധിവരെ തടയാന്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകൾ ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ വൈറസ് വ്യാപനത്തിന് സാധ്യത കൂടുതലാണ്. വൈറസ് എത്ര വേഗത്തിലാണ് വ്യാപിക്കുന്നതെന്ന് നമുക്ക് അറിയാമെന്നും മോർഗന്‍ പറയുന്നു. വൈറസ് പൊട്ടിപുറപെട്ടാല്‍ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന് ആർക്കും അറിയില്ലെന്നും ഓയിന്‍ മോർഗന്‍ പറഞ്ഞു.
ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഐസിസി യോഗത്തില്‍ തീരുമാനം ഉണ്ടാകും. നേരത്തെ 2020-ലെയും 2021-ലെയും ടി20 ലോകകപ്പുകളില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ മോർഗന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍ ഇതേവരെ 7,100 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതില്‍ 6,500 പേർ രോഗ മുക്തരായപ്പോൾ 103 പേർ മരിച്ചു.