മുംബൈ: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന 2020-ലെ ടി20 ലോകകപ്പ് ഐസിസി മാറ്റിവച്ചേക്കുമെന്ന് സൂചന. അടുത്തയാഴ്‌ച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ടി20 ലോകകപ്പിനായി അനുയോജ്യമായ മറ്റൊരു സമയം തേടുകയാണ്. നിലവില്‍ കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പൂർണമായി സ്‌തംഭിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാം. എന്നാല്‍ തൊട്ടുമുമ്പ് ഐപിഎല്‍ നടക്കുന്നത് ലോകകപ്പിന്‍റെ ശോഭ കെടുത്തിയേക്കും. ഇത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെയും അവതാളത്തിലാക്കിയേക്കാം.
മറ്റൊരു ഉപാധി 2021-ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയയെ ബിസിസിഐ അനുവദിക്കുക എന്നതാണ്. പകരം ഇന്ത്യ 2022-ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന ഉപാധിയും മുന്നോട്ട് വെച്ചേക്കാം. എന്നാല്‍ ആദായകരമായ ലോകകപ്പ് പോലുള്ള ടൂർണമെന്‍റുകൾ ഉപേക്ഷിക്കാന്‍ ബിസിസിഐ തയാറാകുമോ എന്ന കാര്യം കണ്ടറിയണം. അവസാനത്തെ ഉപാധി എന്ന നിലയില്‍ 2022-ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിവരും. ആ വർഷം ഐസിസി ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യാത്തതിനാൽ ഇത് പ്രാവർത്തികമായേക്കാം.
ടൂർണമെന്‍റ് നീട്ടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഐസിസിയുടെ പ്രഖ്യാപനം മെയ് 26-നും 28-നും ഇടയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെ ഐസിസി ബോർഡ് അംഗങ്ങളുടെ യോഗവും നടക്കും. യോഗത്തില്‍ ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായേക്കും.