സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. സന്ദീപ് വാര്യരുടെ ഹാട്രിക്ക് മികവിൽ ആന്ധ്രക്കെതിരെ എട്ട് റൺസിനാണ് കേരളത്തിന്‍റെ ജയം.ടോസ് ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 70 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്‍റെടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആന്ധ്ര 19.4 ഓവറില്‍ 152-ന് എല്ലാവരും പുറത്തായി. അവസാന ഓവറിലായിരുന്നു സന്ദീപ് വാര്യരുടെ ഹാട്രിക് പ്രകടനം
മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. അരുണ്‍ കാര്‍ത്തികും (31) വിഷ്ണുവും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ അരുണ്‍ കാര്‍ത്തിക് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 24 പന്തില്‍ 38 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വിഷ്ണുവുമായി ചേര്‍ന്ന് സച്ചിന്‍ ബേബി 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ പിന്നീടെത്തിയവരില്‍ നിന്ന് കാര്യമായ സംഭാവന ഇല്ലാതായതോടെ കേരളം 160 റൺസിന് ഒതുങ്ങുകയായിരുന്നു. ആന്ധ്രയുടെ മറുപടി ബാറ്റിംഗിൽ പ്രശാന്ത് കുമാറൊഴികെ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പ്രശാന്ത് 36 പന്തില്‍ 57 റൺസെടുത്തു. ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വിഹാരി ആറ് റണ്‍സും, ഗിരിനാഥ് റെഡ്ഡി 22 റണ്‍സെടുത്തു. ഹാട്രിക് വിക്കറ്റ് പ്രകടനത്തിലൂടെ അവസാന മൂന്ന് വിക്കറ്റുകള്‍ നേടിയ സന്ദീപ് വാര്യര്‍ വിജയം എളുപ്പമാക്കുകയായിരുന്നു.