റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര വിജയം നേടി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 202 റൺസിനുമാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്‌തു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കുകയും ചെയ്‌തു. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് 240 പോയിന്‍റായി.
റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം നാലാം ദിവസത്തിലേക്ക് നീട്ടീയ ദക്ഷിണാഫ്രിക്കൻ വാലറ്റത്തെ തകർക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് വെറും പന്ത്രണ്ട് പന്തുകൾ മാത്രമാണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 133 റൺസിന് അവസാനിച്ചു. എട്ടിന് 132 റൺസെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഒരു റൺസ് മാത്രം കൂട്ടിച്ചേർക്കാനേ ഇന്ത്യ അനുവദിച്ചുള്ളു. ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റുകളും ഷഹബാസ് നദീമിനാണ്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളിങിന് ചുക്കാൻ പിടിച്ചത്. ഉമേഷ് യാദവും നദീമും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 497ന് മറുപടിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 162ന് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 62 റണ്‍സെടുത്ത സുബൈര്‍ ഹംസയാണ് ടോപ്‌സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഇരട്ട സെഞ്ച്വറിയും ഉപനായകൻ അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിച്ചത്. 255 പന്തില്‍ 28 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് രോഹിത് 212 റണ്‍സ് നേടിയത്.