കൊച്ചി: ഇന്ത്യൻ മുൻ താരവും പാതി മലയാളിയുമായ റോബിൻ ഉത്തപ്പ അടുത്ത ആഭ്യന്തര സീസൺ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ഉത്തപ്പയും തമ്മില്‍ ധാരണയായി. നിലവില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ഉത്തപ്പ സൗരാഷ്ട്ര ക്രിക്കറ്റ് ബോർഡിന്‍റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് സീസണുകളിലും കേരളത്തിനായി കളിച്ച കർണാടക താരം കെ ബി അരുൺ കാർത്തിക്കിന് പകരമായാണ് റോബിൻ ഉത്തപ്പ് ടീമിലെത്തുക. ഉത്തപ്പ കർണാടകയ്ക്കായി കളിച്ചിരുന്ന സമയത്ത് കെ സി എ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് താരം സൗരാഷ്ട്രയിലേക്ക് പോയെങ്കിലും കഴിഞ്ഞ രഞ്ജി സീസണില്‍ പാഡണിയാനായില്ല. കരാർ പൂർത്തിയാകുന്നതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തപ്പ കളിക്കുന്ന മൂന്നാം ടീമാകും കേരളം. ഉത്തപ്പ ടീമിലെത്തുന്നതോടെ ബാറ്റിംഗിലെ സമ്മർദ്ദങ്ങളെ മറികടക്കാൻ കേരളത്തിനാകും.
ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് 2006ല്‍ ഉത്തപ്പയെ ഇന്ത്യൻ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 86 റൺസ് നേടി താരം തിളങ്ങിയിരുന്നു. 2007ല്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോൾ ഉത്തപ്പ ടീമിലംഗമായിരുന്നു. ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളും 13 ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എന്നാല്‍ ഫോം നിലനിർത്താൻ കഴിയാതെയിരുന്ന ഉത്തപ്പ ടീമിന് പുറത്തേക്ക് പോവുകയായിരുന്നു.