ഇറാനി ട്രോഫി നിലനിർത്തി രഞ്ജി കിരീട ജേതാക്കളായ വിദർഭ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സില്‍ നേടിയ ലീഡിന്‍റെ കരുത്തില്‍ വിദർഭയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിദർഭയ്ക്ക് മുന്നില്‍ 280 റൺസിന്‍റെ വിജയലക്ഷ്യമാണ് റെസ്റ്റ് ഓഫ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഒന്നാം ഇന്നിംഗ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ നേടിയ 330 റൺസിന് മറുപടിയായി വിദർഭ 425 റൺസെടുത്തിരുന്നു. വിദർഭ നേടിയ 95 റൺസിന്‍റെ ലീഡാണ് ഇറാനി ട്രോഫിയില്‍ നിർണായകമായത്. 280 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ ജയത്തിന് പതിനൊന്ന് റൺസകലെ നിന്നപ്പോഴാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിംഗ്സില്‍ എട്ടാമനായി ഇറങ്ങി വിദർഭയ്ക്കായി സെഞ്ച്വറി നേടിയ കർനേവാറാണ് കളിയിലെ താരം.
റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്സില്‍ 72 റൺസെടുത്ത അഥർവ ടൈഡയും 87 റൺസെടുത്ത ഗണേഷ് സതീഷുമാണ് വിദർഭയ്ക്ക് സമനില സമ്മാനിച്ചത്. സമ്മാനത്തുക പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങൾക്ക് നല്‍കുമെന്ന് വിദർഭ നായകൻ ഫായിസ് ഫൈസല്‍ പറഞ്ഞു.