നാളെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം അണിയുന്ന എവേ ജേഴ്സിയില്‍ തിളങ്ങി ഇന്ത്യൻ താരങ്ങൾ. വിവാദങ്ങൾക്കിടെ ഇന്നലെയാണ് ബിസിസിഐ ഇന്ത്യയുടെ എവേ ജേഴ്സി പുറത്തിറക്കിയത്. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് ഇന്ത്യയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്.
ലോകകപ്പില്‍ ഒരേ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് കളിക്കുന്ന ടീമുകൾ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുമ്പോൾ അതില്‍ ഒരു ടീം വ്യത്യസ്ത നിറത്തിലൂള്ള ജേഴ്സി അണിയണമെന്ന് ഐസിസി നിർദ്ദേശം നല്‍കിയിരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിന് നിലവിലെ ജേഴ്സി മാറ്റാൻ അനുവാദമില്ലാത്തതിനാല്‍ ഇന്ത്യ വ്യത്യസ്തമായ ജേഴ്സി തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഒഴികെ എല്ലാ ടീമുകളും തങ്ങളുടെ എവേ ജേഴ്സി പുറത്തിറിക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയത്. ജേഴ്സിയുടെ മുൻ ഭാഗത്തും കോളറിലും കടുംനീല നിറമാണ്. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറമാണ് നല്‍കിയിരിക്കുന്നത്. നൈക്കിയാണ് ഇന്ത്യക്ക് വേണ്ടി ജേഴ്സി രൂപകല്‍പ്പന ചെയ്തത്.
![ഇന്ത്യ എവേ ജേഴ്സി ലോകകപ്പ് ഇംഗ്ലണ്ട്](https://etvbharatimages.akamaized.net/etvbharat/prod-images/india-new-jersey-2_2906newsroom_1561784820_542.jpg)
പുത്തൻ എവേ ജേഴ്സി അണിഞ്ഞ് താരങ്ങൾ നില്‍ക്കുന്ന ചിത്രങ്ങളും ഇതോടെ പുറത്തുവന്നു. ജേഴ്സി ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ജേഴ്സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ കോൺഗ്രസ് - സമാജ്‌വാദി പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു.