ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിങില്‍ വൻ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. ഓപ്പണറായി അരങ്ങേറിയ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹിത് ശർമയും ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളുമാണ് വലിയ നേട്ടം സ്വന്തമാക്കിയത്.
ഐസിസി ടെസ്റ്റ് റാങ്കിങില്‍ 17-ാം സ്ഥാനത്താണ് രോഹിത് ശർമ. 36 സ്ഥാനങ്ങളാണ് ഇന്ത്യൻ താരം മെച്ചപെടുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്സില്‍ 176 റൺസും രണ്ടാം ഇന്നിങ്സില്‍ 127 റൺസുമാണ് രോഹിത് നേടിയത്. കരിയറിലെ 28 ടെസ്റ്റുകളില്‍ നിന്നും അഞ്ച് സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.
രോഹിതിനൊപ്പം ഇന്നിങ്സ് ആരംഭിച്ച മായങ്ക് അഗർവാളും വമ്പൻ മുന്നേറ്റമാണ് ഐസിസി ടെസ്റ്റ് റാങ്കിങില്‍ കൈവരിച്ചത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് 38 സ്ഥാനങ്ങൾ മെച്ചപെടുത്തി 25-ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിയാതെയിരുന്ന നായകൻ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ ജനുവരി 2018ന് ശേഷം കോഹ്‌ലിയുടെ പോയിന്‍റ് 900ന് താഴെയെത്തി. 899 പോയിന്‍റുള്ള വിരാട് ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനേക്കാൾ 38 പോയിന്‍റിന് പിന്നിലാണ്.
![ICC Test rankings: Ashwin bursts into top ten Rohit achieves career-best spot റാങ്കിങില്‍ കുതിച്ച് ഹിറ്റ്മാൻ; നേട്ടമുണ്ടാക്കി അശ്വിനും മായങ്ക് അഗർവാൾ](https://etvbharatimages.akamaized.net/etvbharat/prod-images/mayank_0710newsroom_1570463790_447.jpg)
ബൗളിങില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ രവിചന്ദ്രൻ അശ്വിൻ ആദ്യ പത്ത് റാങ്കില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലായി എട്ട് വിക്കറ്റുകളാണ് അശ്വിൻ വീഴ്‌ത്തിയത്. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി 18-ാം സ്ഥാനത്ത് നിന്ന് 16-ാം സ്ഥാനത്തേക്ക് കയറി. ഓൾറൗണ്ടർമാരില്‍ രവീന്ദ്ര ജഡേജ ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
ദക്ഷിണാഫ്രിക്കൻ താരങ്ങളില്‍ ക്വിന്‍റൻ ഡി കോക്കും ഡീൻ എല്‍ഗാറും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ഡികോക്ക് ഏഴാം സ്ഥാനത്തും എല്‍ഗാർ 14-ാം സ്ഥാനത്തുമാണ്.