ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരങ്ങൾ പരിശീലകന്‍റെ വേഷമണിയുമ്പോൾ ഭൂതകാലത്തിന്‍റെ സ്വാധീനം മനപൂർവം ഒഴിവാക്കണമെന്ന് സഞ്‌ജയ് ബംഗാർ. ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് കൂടിയായ ബംഗാർ. ശരാശരി കഴിവുള്ള കളിക്കാർ ഏതൊക്കെ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് വളരെ ഉയർന്ന തലത്തിൽ കളിച്ച പരിശീലകർക്ക് മനസ്സിലാകണമെന്നില്ല. അടിസ്ഥാനമായി മുമ്പ് ഗ്രൗണ്ടില്‍ കളിച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ സാധിക്കില്ല. കോച്ചിങ് വിദ്യഭ്യാസ കാലത്ത് സ്വായത്തമാക്കിയ പാഠമാണ് ഇതെന്നും സഞ്‌ജയ് ബംഗാർ പറഞ്ഞു. 2014 മുതൽ 2019 വരെയുള്ള കാലത്താണ് അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് പരിശീലകനായി സേവനമനുഷ്‌ഠിച്ചത്.
അതേസമയം, ഒരു കളിക്കാരനെ മികച്ച കായികതാരമാക്കി മാറ്റാൻ പരിശീലകന്‍ അവരുടെ വിശ്വാസം നേടിയെടുക്കണമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ പരിശീലകന്‍ മൈക്ക് ഹെസ്സൺ പറഞ്ഞു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ മുൻ പരിശീലകന്‍ കൂടിയാണ് അദ്ദേഹം. ഒരു കളിക്കാരനെ പരിശീലിപ്പിക്കുമ്പോൾ തന്നെ മികച്ച താരമായി മാറ്റാന്‍ അദ്ദേഹം സഹായിക്കുമെന്നാണ് അവർ കരുതുക. അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ധാരാളം അനുഭവ സമ്പത്തുള്ളയാൾ മികച്ച പരിശീലകനായി മാറുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീറും വ്യക്തമാക്കി. ടിവി ഷോയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഇരുവരും.