ന്യൂഡല്‍ഹി: തുടക്ക കാലത്ത് ബൗളിങ് ശൈലി വില്ലനായി മാറിയെന്ന് ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്ര. മുന്‍ ഇന്ത്യന്‍ ഓൾറൗണ്ടർ യുവരാജ് സിംഗുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ബുമ്രയുടെ വെളിപ്പെടുത്തല്‍. തന്‍റെ വ്യത്യസ്തമായ ബൗളിങ് ശൈലി കണ്ട് അധികകാലം പന്തെറിയില്ലെന്ന് ആളുകൾ വിലയിരുത്തി. അവർ തന്‍റെ അസാധാരണമായ ശൈലിയില്‍ വിശ്വസിച്ചില്ലെന്നും ബുമ്ര പറയുന്നു.
അതേസമയം ബുമ്ര ലോകത്തെ ഒന്നാം നമ്പർ ബൗളറായി ഉയരുമെന്ന് പ്രവചിച്ചതായി യുവരാജ് ചാറ്റ്ഷോയില്‍ വ്യക്തമാക്കി. നിലവില്‍ ഐസിസിയുടെ ഏകിദന റാങ്കിങ്ങില്‍ രണ്ടാമതും ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുമാണ് ബുമ്ര. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. മാർച്ച് 29ന് ആരംഭിക്കേണ്ട ടൂർണമെന്‍റ് കൊവിഡ് 19നെ തുടർന്ന് അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.