വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ബോര്‍ഡുമായി 36കാരനായ ഗ്രാന്‍ഡ്‌ഹോം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമുണ്ടായത്.
പ്രായവും പരിക്കുകളുമാണ് വിരമിക്കലിന് പിന്നിലെന്ന് ഗ്രാന്‍ഡ്‌ഹോം പറഞ്ഞു. "2012-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ബ്ലാക്ക്‌ക്യാപ്‌സിനായി കളിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അന്താരാഷ്ട്ര കരിയറിൽ ഞാൻ അഭിമാനിക്കുന്നു.
അത് പൂർത്തിയാക്കാനുള്ള ശരിയായ സമയമിതാണ്. ടീമിനൊപ്പം ഒരുമിച്ച് പങ്കിട്ട അനുഭവങ്ങൾക്ക് നന്ദിയുള്ളവനാണ്. ടീമംഗങ്ങൾ, കോച്ചിങ് സ്റ്റാഫ്, എതിരെ കളിച്ച താരങ്ങള്‍ എന്നിവരുമായി സ്ഥായിയായ നിരവധി സൗഹൃദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
വളർന്നുവരുന്ന ഒരു കുടുംബമുണ്ടെനിക്ക്. ക്രിക്കറ്റിന് ശേഷമുള്ള ഭാവി എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ്", ഗ്രാന്‍ഡ്‌ഹോം പറഞ്ഞു. കിവീസിന് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കാണ് താരത്തിനുള്ളത്.
29 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗ്രാന്‍ഡ്‌ഹോം 38.70 ശരാശരിയില്‍ 1432 റണ്‍സ് നേടിയിട്ടുണ്ട്. 32.95 ശരാശരിയില്‍ 49 വിക്കറ്റുകളും സ്വന്തമാക്കി. 45 ഏകദിനങ്ങളില്‍ 106.15 സ്‌ട്രൈക്ക് റേറ്റില്‍ 742 റണ്‍സ് നേടിയ താരം 30 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്. ടീമിനായി 41 ടി20കള്‍ക്കിറങ്ങിയ താരം 138.35 സ്‌ട്രൈക്ക് റേറ്റില്‍ 505 റണ്‍സും 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.