ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 78.4 ഓവറില്‍ 263 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേയും ചേര്‍ന്നാണ് ഓസീസിനെ ഒന്നാം ദിനം തന്നെ എറിഞ്ഞിട്ടത്. അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ, പീറ്റർ ഹാൻഡ്‌സ്‌കോംബ് എന്നിവരുടെ പ്രകടനമാണ് ഓസീസിന് തുണയായത്.
125 പന്തില്‍ 81 റണ്‍സെടുത്ത ഖവാജയാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 142 പന്തില്‍ 72 റണ്‍സെടുത്ത ഹാൻഡ്‌സ്‌കോംബ് പുറത്താവാതെ നിന്നു. ശ്രദ്ധയോടെയാണ് ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ എന്നിവര്‍ തുടങ്ങിയത്. വാര്‍ണര്‍ പ്രതിരോധത്തിലൂന്നിയപ്പോള്‍ ഖവാജയായിരുന്നു സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. മികച്ച രീതിയില്‍ ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെ വാര്‍ണറുടെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്.
സ്‌കോര്‍ 50ല്‍ നില്‍ക്കെ 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമിയാണ് വാര്‍ണറെ വീഴ്‌ത്തിയത്. 44 പന്തില്‍ 15 റണ്‍സെടുത്ത വാര്‍ണറെ ഷമി വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാമതായെത്തിയ ലാബുഷെയ്ന്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അശ്വിന് മുന്നില്‍ വീണു. 25 പന്തില്‍ 18 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഈ സമയം 22.4 ഓവറില്‍ 91 റണ്‍സാണ് ഓസീസ് ടോട്ടലിലുണ്ടായിരുന്നത്. ഇതേ ഓവറിന്‍റെ അവസാന പന്തില്‍ സ്‌മിത്തിനെയും അശ്വിന്‍ മടക്കിയത് സന്ദര്‍ശകര്‍ക്ക് ഇരട്ടി പ്രഹരമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന സ്‌മിത്തിനെ അശ്വിന്‍റെ പന്തില്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഖവാജയും ഹെഡും ചേര്‍ന്ന് 28ാം ഓവറില്‍ ഓസീസിനെ 100 കടത്തി.
എന്നാല്‍ അധികം വൈകാതെ ഹെഡ്‌സിനെ പുറത്താക്കിയ ഷമി ഓസീസിനെ പ്രതിരോധത്തിലാക്കി. 30 പന്തില്‍ 12 റണ്‍സാണ് ഹെഡ്‌സിന് നേടാന്‍ കഴിഞ്ഞത്. പിന്നാലെ ഖവാജയും വീണു. ഈ സമയം 45.5 ഓവറില്‍ അഞ്ചിന് 167 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്.
തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയെ അക്കൗണ്ട് തുറക്കും മുമ്പ് തൊട്ടടുത്ത ഓവറില്‍ തന്നെ അശ്വിന്‍ തിരിച്ച് കയറ്റി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാറ്റ്‌കമ്മിന്‍സും ഹാൻഡ്‌സ്‌കോംബും ചേര്‍ന്ന് ഓസീസിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. നിര്‍ണായകമായ 59 റണ്‍സാണ് ഇരുവരും ഓസീസ് ടോട്ടലില്‍ ചേര്‍ത്തത്.
കമ്മിന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ഹാൻഡ്‌സ്‌കോംബ് ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും ടോഡ് മര്‍ഫി (0), നഥാന്‍ ലിയോണ്‍ (10), മാത്യു കുഹ്‌നെമാൻ (6) എന്നിവര്‍ തിരിച്ച് കയറിയതോടെ ഓസീസ് ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനാണ് ഇടം നഷ്‌ടമായത്.
ഓസീസ് നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. റെൻഷോയ്ക്ക് പുറത്തായപ്പോള്‍ ട്രാവിസ് ഹെഡ് ടീമില്‍ ഇടം നേടി. സ്‌കോട്ട് ബൊലാന്‍ഡിന് പകരം സ്‌പിന്നര്‍ കുഹ്‌നെമാൻ ഓസീസിനായി അരങ്ങേറ്റം കുറിച്ചു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍ , സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(സി), ടോഡ് മർഫി, നഥാൻ ലിയോൺ, മാത്യു കുഹ്‌നെമാൻ.