മുംബൈ: വനിത ഐപിഎൽ അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. പുരുഷ ഐപിഎല്ലിന് സമാനമായി വനിത ഐപിഎൽ ആരംഭിക്കണമെന്ന് ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് തുടങ്ങിയ താരങ്ങൾ ശക്‌തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് വനിത ഐപിഎൽ നടത്താൻ ബിസിസിഐ തീരുമാനമെടുത്തത്.
ഐപിഎല്ലിന് സമാന്തരമായി മൂന്ന് ടീമുകൾ പങ്കെടുക്കുന്ന വനിത ടി20 ചലഞ്ചാണ് നിലവിൽ ബിസിസിഐ നടത്തുന്നത്. ഇതിനെ തന്നെ പരിഷ്‌കരിച്ച് കൂടുതൽ താരങ്ങളേയും, ടീമുകളേയും ഉൾക്കൊള്ളിച്ചുകൊണ്ട് വനിത ഐപിഎൽ ആയി നടത്താനാണ് ഇപ്പോൾ ബിസിസിഐയുടെ ആലോചന.
ALSO READ: പുതിയ നായകന്‍റെ വിജയം പഴയ നായകന് ഇഷ്‌ടമാകില്ലെന്നത് തെറ്റായ ധാരണ; ഗവാസ്‌കർ
സമ്പൂർണ വനിത ഐപിഎൽ തുടങ്ങണമെന്ന് ന്യൂസിലൻഡ് സ്റ്റാർ ഓൾറൗണ്ടർ സൂസീ ബേറ്റ്സും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. വനിത ഐപിഎല്ലാണ് ക്രിക്കറ്റിലെ വലിയ നഷ്‌ടമെന്നും താരം പറഞ്ഞിരുന്നു. കൂടാതെ മറ്റ് പല വിദേശ താരങ്ങളും വനിത ഐപിഎൽ ആരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടെത്തിയിരുന്നു.