മെല്‍ബണ്‍: ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസൺ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പുതിയ പേസർമാരെ വളത്തിയെടുക്കാനും വേണ്ടിയാണ് തന്‍റെ വിരമിക്കലെന്ന് 31കാരനായ പാറ്റിൻസൺ പറഞ്ഞു.
2011ലാണ് പാറ്റിസണ്‍ ഓസീസിനായി അരങ്ങേറ്റം കുറിച്ചത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് മത്സങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടമാഘോഷിച്ച താരത്തിന്‍റെ കരിയറില്‍ പരിക്ക് വില്ലനായിരുന്നു. മുതുകിന് പരിക്കേറ്റതിനെ തുടര്‍ന്ന് 2017ൽ ഗുരുതരമായ നട്ടെല്ല് ശസ്ത്രക്രിയയ്‌ക്കും താരത്തിന് വിധേയനാവേണ്ടി വന്നു.
അന്താരാഷ്ട്ര കരിയറിൽ 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 81 വിക്കറ്റുകളും ഏകദിനങ്ങളില്‍ 16 വിക്കറ്റുകളും ടി20യില്‍ മൂന്ന് വിക്കറ്റുമാണ് താരം വീഴ്‌ത്തിയിട്ടുള്ളത്. വിക്‌ടോറിയയ്‌ക്കായി 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 302 വിക്കറ്റുകള്‍ എറിഞ്ഞിട്ടിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമായിരുന്നു.