കറാച്ചി : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തിളങ്ങിയത്. പുറത്താവാതെ നിന്ന താരം 61 പന്തില്‍ 122 റണ്‍സാണ് അടിച്ച് കൂട്ടിയത്. 12 ഫോറുകളുടെയും ആറ് സിക്‌സുകളുടേയും അകമ്പടിയോടെയാണ് താരത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടതിന് ശേഷമാണ് യഥാര്‍ഥ കോലിയെ കാണാന്‍ കഴിഞ്ഞതെന്നാണ് പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്‌ബ് അക്തര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്‍റെ പ്രതികരണം.
'ഇന്നലെ ആദ്യ 50 റണ്‍സ് നേടുമ്പോള്‍ അത് യഥാര്‍ഥ വിരാട് കോലി അയിരുന്നില്ല. ഈ ഏഷ്യ കപ്പിൽ ഞാന്‍ യഥാര്‍ഥ കോലിയെ കാണുകയായിരുന്നു. തന്‍റെ ഇന്നിങ്‌സിലെ അവസാന 50 റൺസ് നേടിയപ്പോൾ ഞാൻ യഥാർഥ കോലിയെ കണ്ടു. അവൻ തന്‍റെ സെഞ്ച്വറി നേടിയപ്പോൾ, യഥേഷ്ടം സ്‌കോർ ചെയ്യുന്നതായി തോന്നി, അയാൾക്ക് തന്‍റെ ഫോം തിരികെ ലഭിക്കുകയാണ്' - അക്തര്‍ പറഞ്ഞു.
കോലി 100 അന്താരാഷ്‌ട്ര സെഞ്ച്വറികള്‍ നേടി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തേ തന്നെ അക്തര്‍ പറഞ്ഞിരുന്നു. കോലി എക്കാലത്തേയും മികച്ച ബാറ്ററായതിനാലാണ് താന്‍ ഇതാഗ്രഹിക്കുന്നതെന്ന് അക്തര്‍ ആവര്‍ത്തിച്ചു.
'അവൻ എക്കാലത്തെയും മികച്ച ബാറ്ററായതിനാലാണ് ഇനിയുള്ള 29 സെഞ്ച്വറികള്‍ എനിക്ക് പ്രധാനമായി തോന്നുന്നത്. അവ നേടുകയെന്നത് പ്രയാസമാവും. 71ാം സെഞ്ച്വറിയിലെത്താന്‍ അവന്‍ കുറച്ച് സമയമെടുത്തു. എന്നാല്‍ ഇനിയവന്‍ നിര്‍ത്തില്ല' - അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു രാജ്യാന്തര സെഞ്ച്വറിക്കായുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് കോലി ഇന്നലെ അഫ്‌ഗാനിസ്ഥാനെതിരെ അവസാനിപ്പിച്ചത്. 2019 നവംബറിന് ശേഷം ഇതാദ്യമായാണ് കോലി മൂന്നക്കം തൊടുന്നത്. ടി20 ഫോര്‍മാറ്റില്‍ താരത്തിന്‍റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നുവിത്.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്താനും കോലിക്ക് കഴിഞ്ഞു. 552 ഇന്നിങ്സുകളില്‍ നിന്നാണ് കോലി 71 സെഞ്ച്വറികള്‍ നേടിയത്. 668 ഇന്നിങ്‌സുകളിലാണ് പോണ്ടിങ് ഇത്രയും സെഞ്ച്വറികള്‍ നേടിയത്. 782 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സച്ചിന്‍ ശതകങ്ങളുടെ സെഞ്ച്വറി തികച്ചത്.