കാബൂള്‍: ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് നബി ക്യാപ്‌റ്റനായ ടീമില്‍ നജീബുള്ള സര്‍ദ്രാനാണ് വൈസ് ക്യാപ്റ്റന്‍. നാല് റിസര്‍വ് താരങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡിനെയാണ് അഫ്‌ഗാന്‍ പ്രഖ്യാപിച്ചത്.
യുഎഇയില്‍ നടന്ന ഏഷ്യ കപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും ലോകകപ്പിനുള്ള അഫ്‌ഗാന്‍ ടീമില്‍ ഇടം നിലനിര്‍ത്തി. ഏഷ്യ കപ്പ് ടീമിലുണ്ടായിരുന്ന സമീയുള്ള ഷെന്‍വാരി, ഹഷ്‌മത്തുള്ള ഷാഹിദി, അഫ്‌സര്‍ സാസായി, കരീം ജന്നത്, നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടാനായില്ല. ദാര്‍വിഷ് റസൂലി, ക്വായിസ് അഹമ്മദ്, വലം പേസര്‍ സലീം സാഫി എന്നിവരും ടീമിലേക്ക് എത്തി.
ക്യാപ്‌റ്റന്‍ മുഹമ്മദ് നബിക്ക് പുറമെ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് സ്‌പിന്‍ ബോളിങ് ചുമതല. ഏഷ്യ കപ്പില്‍ കളിച്ച ഫസലുള്ള ഫാറൂഖി, ഫരീദ് അഹമ്മദ് മാലിക്ക് എന്നിവര്‍ പേസര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യ കപ്പില്‍ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ അഫ്‌ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലാണ് പുറത്തായത്.
ലോകകപ്പില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് അഫ്‌ഗാനിസ്ഥാന്‍. ഒക്‌ടോബര്‍ 22 ന് പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് അഫ്‌ഗാന്‍റെ ആദ്യ മത്സരം.