കൊല്‍ക്കത്ത: ടോക്കിയോ ഒളിമ്പിക് യോഗ്യതക്കായുള്ള മത്സരത്തില്‍ തുടര്‍ന്നുമുണ്ടാകുമെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍. നേരത്തെ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബിഡബ്ല്യുഎഫ് റാങ്കിങ്ങില്‍ 22ാം സ്ഥാനമാണ് സൈനക്കുള്ളത്. റാങ്കിങ്ങില്‍ ആദ്യ 16 സ്ഥാനങ്ങളിലുള്ളവര്‍ക്കെ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കൂ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ ടൂറിലൂടെ റാങ്കിങ്ങില്‍ തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന. രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്ന് ഒളിമ്പിക്‌സുകളില്‍ സൈന പങ്കെടുത്തിട്ടുണ്ട്. മൂന്ന് മാസത്തെ കഠിന പരിശീലനത്തിലൂടെ തിരിച്ച് വരാനാകുമെന്ന കണക്ക് കൂട്ടലിലാണ് സൈന.
ടെന്നീസ് താരം റോജര്‍ ഫെഡററുടെ വലിയ ഫാനാണ് താനെന്നും സൈന പറഞ്ഞു. ഫെറഡര്‍ക്കും നൊവാക് ജോക്കോവിച്ചിനും റാഫേല്‍ നദാലിനും സറീനാ വില്യംസിനും ടെന്നീസ് കോര്‍ട്ടില്‍ തുടരാന്‍ സാധിക്കുന്നുവെങ്കില്‍ തനിക്കും ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ ഇനിയും തിളങ്ങാന്‍ സാധിക്കുമെന്നും സൈന കൂട്ടിച്ചേര്‍ത്തു. ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സൈനക്ക് തിരിച്ചടി നേരിട്ടിരുന്നു. ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ടില്‍ തന്നെ സൈന തോറ്റ് പുറത്തായിരുന്നു. ജപ്പാന്‍റെ സയാക താകഹാഷിയോടാണ് സൈന പരാജയപ്പെട്ടത്.