ഹൈദരാബാദ്: ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി മലയാളി താരം എച്ച് എസ് പ്രണോയ്. ഫെബ്രുവരിയിലെ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാതെ ബാഴ്‌സലോണയില്‍ മറ്റൊരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പോയതിന്‍റെ പേരിലും അര്‍ജുന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാത്തതിന്‍റെ പേരില്‍ നടത്തിയ പരസ്യ വിമര്‍ശനത്തിനുമാണ് പ്രണോയി മറുപടി നല്‍കിയത്. സംഭവത്തില്‍ താരം അസോസിയേഷനോട് മാപ്പു പറഞ്ഞു.
സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും ബിഎഐ സെക്രട്ടറി അജയ് സിംഗാനിയ വ്യക്തമാക്കി. അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പ്രണോയ് മറുപടി നല്‍കി. ഭാവിയില്‍ കളിക്കാര്‍ക്കുണ്ടാവുന്ന ഏത് ആശങ്കക്കും ഫെഡറേഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ മലയാളി താരം പ്രണോയിയും കെ ശ്രീകാന്തും ബാഴ്‌സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടോക്കിയോ ഗെയിംസ് യോഗ്യത ലക്ഷ്യമിട്ടായിരുന്നു ഇരുവരും ബാഴ്‌സലോണയിലേക്ക് പോയിത്. എന്നാല്‍ ഇരുവരും പങ്കെടുക്കാതെ വന്നതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യക്ക് നഷ്ടമായി. അനുമതിയില്ലാതെ മറ്റൊരു ടൂര്‍ണമെന്റില്‍ പങ്കെടുത്തതിനാണ് ഈ മാസം ആദ്യമാണ് 15 ദിവസം മറുപടി നല്‍കണമെന്ന് ആവശ്യപെട്ട് അസോസിയേഷന്‍ പ്രണോയിക്കും കെ ശീകാന്തിനും നോട്ടീസ് നല്‍കിയത്. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ശ്രീകാന്തിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതായി കഴിഞ്ഞ ദിവസം ബഎഐ വ്യക്തമാക്കിയിരുന്നു. സമീര്‍ വര്‍മ, ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് അസോസിയേഷന്‍ അര്‍ജ്ജുന അവാര്‍ഡിനായി ഇത്തവണ നേരത്തെ നാമനിര്‍ദേശം ചെയ്തിരുന്നു. അതേസമയം ഇതിനകം പ്രണോയിയെ അര്‍ജുന പുരസ്‌കാരത്തിനായി മുന്‍ ദേശീയ താരവും പരിശീലകനുമായ പുല്ലേലു ഗോപീചന്ദ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അസോസിയേഷന്റെ വിലക്ക് വരുന്നതിന് മുമ്പ് ജൂണ്‍ മൂന്നിനായിരുന്നു സംഭവം.