ബെംഗളൂരു: മലയാളികളുടെ പ്രിയ നായിക നടി നവ്യാ നായരുടെ നവ്യ രസങ്ങള്‍ എന്ന പുസ്‌തകം കന്നടത്തിലേക്ക് വിവര്‍ത്തനം ചെയ്‌ത് പ്രകാശനം ചെയ്‌തു. 'ധന്യവീണ' എന്നാണ് പുസ്‌തകത്തിന് നല്‍കിയിരിക്കുന്ന പേര്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് താരം പങ്കെടുത്തത്. നവ്യ നായരുടെ ഓര്‍മ കുറിപ്പുകള്‍ അടങ്ങിയ നവ്യ രസങ്ങള്‍ 2013ലാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. കന്നട ചലച്ചിത്രമേഖല നല്‍കിയ പിന്തുണയ്‌ക്കും സ്നേഹത്തിനും ചടങ്ങില്‍ വെച്ച് നവ്യ നന്ദി അറിയിച്ചു. ആദ്യമായി കന്നടയില്‍ അരങ്ങേറ്റം കുറിച്ച ഗജ എന്ന സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ നടി ഇടിവി ഭാരതുമായി പങ്കുവെച്ചു.
അമ്മാവനായ കെ.മധു സംവിധാനം ചെയ്‌ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചു.
ഇപ്പോള്‍ നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്.