എറണാകുളം: 2019ല്‍ തിയേറ്ററുകളിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു സുരാജ് വെഞ്ഞറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരത്തിന് സുരാജിനെ അര്‍ഹനാക്കിയത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനമാണ്. മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ജ്യോതിഷ് ശങ്കറിനാണ് ലഭിച്ചത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനാണ് ലഭിച്ചത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രതീഷ് പറയുന്നത്. ഒരു തുടക്കക്കാരന് സംസ്ഥാന അവാർഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറഞ്ഞു.
'ഇത്തവണ നവാഗത സംവിധായകരുടെ മികച്ച സിനിമകൾ ഉണ്ടായിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ അംഗീകരിച്ച പ്രേക്ഷകർക്കും, അവാർഡിനായി പരിഗണിച്ച ജൂറി അംഗങ്ങൾക്കും, സംസ്ഥാന സർക്കാരിനോടും നന്ദി അറിയിക്കുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയും കഥയും പ്രേക്ഷകരുമായി ബന്ധിപ്പിക്കാനും ബോധ്യപ്പെടുത്താനും കഴിയുമോ എന്ന ആശങ്കയും വെല്ലുവിളിയും സിനിമ ഒരുക്കുമ്പോളുണ്ടായിരുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചുവെന്നത് വളരെ സന്തോഷം നല്‍കുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിലെ അഭിനയ മികവും സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കാന്‍ കാരണമായി എന്നത് സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഒരുപാട് സന്തോഷം നല്‍കുന്നു. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൂടാതെ സിനിമയുടെ കലാ സംവിധായകനായ ജ്യോതിഷ് ശങ്കറിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്' രതീഷ് പൊതുവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ സംസ്ഥാന അവാർഡിനായി പരിഗണിച്ച 119 സിനിമകളിൽ 71 സിനിമകൾ നവാഗത സംവിധായകരുടെ സിനിമകളായിരുന്നു. നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ആണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നവംബർ മാസം ചിത്രീകരണം ആരംഭിച്ചേക്കും.