ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശം. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ ത്രിതല സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് പുതിയ നടപടി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ സമയബന്ധിതമായി നീക്കണമെന്നും വ്യാജവാർത്തകളുടെ ഉറവിടം വെളിപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്നു.
സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കണം. സർക്കാരിന്‍റെ നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. പരാതി പരിഹാരത്തിന് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അന്വേഷണ സംഘത്തിന് 74 മണിക്കൂറിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
മാധ്യമ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ സ്വയം നിയന്ത്രണം വേണമെന്നും കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും ന്യൂഡൽഹിയിൽ പറഞ്ഞു.