ചെന്നൈ: പ്രശസ്‌ത സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് അടിത്തറ പാകിയ സംവിധായകനും തിരക്കഥാകൃത്തുമായ കെ.എസ് സേതുമാധവൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുപതോളം സിനിമകൾ സംവിധാനം ചെയ്തു.
ഓടയില്‍ നിന്ന്, യക്ഷി, കടല്‍പ്പാലം, അച്ഛനും ബാപ്പയും, അരനാഴിക നേരം, പണി തീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം, ഓപ്പോൾ, ചട്ടക്കാരി, വാഴ്‌വേ മായം തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. സിനിമയുടെ വിവിധ തലങ്ങളിലായി പത്ത് ദേശീയ ചലച്ചിത്ര അവാർഡും ഒൻപത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേരള സർക്കാർ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
1931ല്‍ പാലക്കാട് ജനിച്ച സേതുമാധവൻ കോളജ് വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിലെത്തുകയായിരുന്നു. സംവിധാന സഹായിയായി സിനിമ ജീവിതം ആരംഭിച്ച കെ.എസ് സേതുമാധവൻ ആദ്യം സംവിധാനം ചെയ്തത് സിംഹളീസ് ഭാഷയിലുള്ള ചിത്രമാണ്. പിന്നീട് മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതിയ നിരവധി സിനിമകൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്‌ത മറുപക്കം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചതും തെലുങ്ക് സിനിമയ്ക്ക് 1996ല്‍ ദേശീയ അംഗീകാരം ലഭിച്ചതുമെല്ലാം ഏറെ പ്രത്യേകതയാണ്.
നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി അംഗമായും 2002ല്‍ ചെയർമാനായും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മകൻ സന്തോഷ് സേതുമാധവൻ സംവിധായകനാണ്. ഭാര്യ: വത്സല. സോനുകുമാർ, ഉമ എന്നിവർ മറ്റ് മക്കളാണ്.