Mr Bean birthday | ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേമികളുടെ പ്രിയതാരം മിസ്‌റ്റര്‍ ബീനിന് ഇന്ന് പിറന്നാള്‍. കൊമേഡിയന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദ്ദേഹത്തിന് ഇന്ന് 66ാം ജന്മദിനമാണ്.
റൊവാന്‍ അക്‌റ്റിന്‍സണ്‍ എന്നതിനേക്കാള്‍ മിസ്‌റ്റര്‍ ബീന്‍ എന്ന പേരാണ് പ്രേക്ഷകര്‍ക്ക് പരിചിതം. ഹോളിവുഡിലെ ഏറ്റവും വിദ്യാസമ്പന്നരായ താരങ്ങളില്‍ ഒരാളാണ് റൊവാന്‍. എക്കാലത്തെയും മികച്ച ഹാസ്യ നടന്‍മാരില്‍ ഒരാളായ അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രമാണ് മിസ്‌റ്റര്‍ ബീന്‍. ഒരക്ഷരം പോലും മിണ്ടാതെ ശരീര ചലനങ്ങള്‍ മാത്രമുപയോഗിച്ച് നിഷ്‌കളങ്കമായ മുഖത്തോടെ അദ്ദേഹം കാട്ടുന്ന മണ്ടത്തരങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
1955ല്‍ ജനുവരി ആറിന് നാല് സഹോദരങ്ങളില്‍ ഇളയവനായി ഇംഗ്ലണ്ടിലാണ് ജനനം. ചെറുപ്പകാലം മുതല്‍ അന്തര്‍മുഖനായിരുന്നു റൊവാന്‍. കുട്ടിക്കാലം മുതല്‍ സംസാരത്തില്‍ വികലതയുമുണ്ടായിരുന്നു. കലാരംഗത്ത് കടക്കുന്നതിന് മുമ്പേ അദ്ദേഹം അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു. ന്യൂകാസ് സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ക്വീന്‍സ് കോളജില്‍ നിന്നും മാസ്‌റ്റര്‍ ബിരുദവും നേടി.
Also Read: A R Rahman Birthday : മധുര സംഗീത മാന്ത്രികന്‍ 55 ന്‍റെ നിറവില്‍
1983ലെ ജെയിംസ് ബോണ്ട് ചിത്രമായ 'നെവര്‍ സേ നെവര്‍ എഗൈനില്‍' അഭിനയിച്ചെങ്കിലും 1990 മുതല്‍ അവതരിപ്പിച്ച് തുടങ്ങിയ 'മിസ്‌റ്റര്‍ ബീന്‍' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. പിന്നീട് മിസ്‌റ്റര്‍ ബീന്‍ കേന്ദ്ര കഥാപാത്രമായ സിനിമകളും സീരിയലുകളും കാര്‍ട്ടൂണുകളും ലോകം ഏറ്റെടുത്തു. 'ബ്ലാക്കെഡര്‍', 'നയന്‍ ഓര്‍ ക്ലോക്ക് ന്യൂസ്', 'ദ സീക്രെട്ട് പൊലീസ്‌മെന്‍സ് ബാള്‍സ്', 'ദ തിന്‍ ബ്ലൂ ലൈന്‍ നെയിം' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ടെലിവിഷന്‍ ഷോകള്‍.
ഇന്ന് ബ്രിട്ടണിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് റൊവാന്‍. ഹോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളേക്കാള്‍ താരമൂല്യമുള്ള നടന്‍ കൂടിയാണ് അദ്ദേഹം. ലണ്ടനില്‍ അദ്ദേഹത്തിന് ഒരു ആഡംബര പാലസും ഉണ്ട്. ലോകത്തെ ഏറ്റവും ചെലവേറിയ മെക്‌ലാറന്‍ എഫ് 1 കാറും റൊവാനുണ്ട്. 80 മുതല്‍ 100 കോടിവരെയാണ് ഈ കാറിന്‍റെ വില.