വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മധുരരാജ 50 കോടി ക്ലബ്ബിൽ ഇടം നേടി. പത്ത് ദിവസത്തിനുള്ളിൽ 58.7 കോടിയാണ് ചിത്രം കളക്ഷൻ നേടിയത്. നിർമ്മാതാവ് നെൽസൻ ഐപ്പ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
ആദ്യത്തെ നാല് ദിവസത്തിനുള്ളിൽ 32.4 കോടിയായിരുന്നു ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. ഈ ദിവസങ്ങിൽ മുന്നൂറോളം എക്‌സ്ട്രാ ഷോകളും കളിച്ചിരുന്നു. രണ്ടാമത്തെ വാരാന്ത്യത്തിൽ കേരളത്തിനു പുറമേ ഗൾഫിലും മികച്ച കളക്ഷനായിരുന്നു ചിത്രം നേടിയത്. യൂറോപ്പിലും ഓസ്‌ട്രേലിയയിലും കൂടുതല്‍ സെൻ്ററുകളില്‍ ചിത്രം ഇക്കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തി. രണ്ടാഴ്ചയോളം വലിയ റിലീസുകൾ ഇല്ലാതിരുന്നതും ചിത്രത്തിൻ്റെ ഈ നേട്ടത്തിന് സഹായകരമായിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ, അന്ന രേഷ്മ രാജൻ എന്നിവരാണ് നായികമാർ. നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ദിഖ്, കൈലാഷ്, ബാല, മണിക്കുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, തമിഴ് താരം ജയ്, തെലുങ്ക് താരം ജഗപതി ബാബു തുടങ്ങിയവരും മധുരരാജയിൽ വേഷമിടുന്നുണ്ട്.