തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സംസ്ഥാന സർക്കാരിന്‍റെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം ഷീലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സംവിധായകൻ കെ എസ് സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോൺ പോൾ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
1962ല്‍ പി ഭാസ്കരൻ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെയാണ് ഷീല മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1969ല്‍ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ ആദ്യപുരസ്കാരം നേടിയത് ഷീലയായിരുന്നു. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം നിരവധി ചിത്രങ്ങളിലും ഷീല നായികയായി അഭിനയിച്ചു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന ലോക റെക്കോർഡും പ്രേം നസീറും ഷീലയുമാണ് പങ്കിടുന്നത്. 1980ല്‍ 'സ്ഫോടനം' എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്നും താല്‍ക്കാലികമായി വിടവാങ്ങിയ ഷീല പിന്നീട് 2003ല്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പേരിലുള്ള പുരസ്കാരം 1992 മുതലാണ് നൽകി തുടങ്ങിയത്. സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്.