മുംബൈ: #മീ ടൂ ആരോപണങ്ങള്‍ സിനിമാരംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് ബോളിവുഡ് നടി കജോൾ. ഇതിന് ശേഷം പുരുഷന്മാർ അവരുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായെന്നും താരം വ്യക്തമാക്കി. കജോളിന്‍റെ പുതിയ ഹ്രസ്വചിത്രം ദേവിയുടെ ലോഞ്ചിനിടെ മാധ്യമങ്ങളുടെ #മീ ടൂവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കജോളിന്‍റെ വിശദീകരണം. "#മീ ടൂ ശരിക്കും വ്യത്യാസം കൊണ്ടുവന്നു. സിനിമാ മേഖലയിൽ മാത്രമെന്ന് പറയാൻ സാധിക്കില്ല, എല്ലായിടത്തും ആ മാറ്റം പ്രകടമാണ്." മീ ടൂവിൽ പല പ്രമുഖരും കുടുങ്ങിയപ്പോൾ അത് സ്വാഭാവികമായും പുരുഷന്മാരിൽ മാറ്റങ്ങൾ ഉണ്ടാക്കി എന്നാണ് കജോളിന്‍റെ അഭിപ്രായം. "എല്ലാവരും വളരെ ബോധപൂർവവും നന്നായി ചിന്തിച്ചിട്ടുമാണ് പലതും നടപ്പാക്കുന്നത്. നല്ലതാണോ ചീത്തയാണോ എന്നതിനപ്പുറം സെറ്റുകളിലും ഓഫീസുകളിലും പെരുമാറേണ്ടത് എങ്ങനെയാണെന്നതിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു," കജോൾ കൂട്ടിച്ചേർത്തു.
തന്‍റെ വിമാനയാത്രക്കിടെ കണ്ട ഒരനുഭവം പങ്കുവെച്ചുകൊണ്ടാണ് നടി ശ്രുതി ഹാസൻ മീ ടൂവിനെ കുറിച്ച് പ്രതികരിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികൻ 'ഫിസിക്കൽ പ്രോക്സിമിറ്റി ആന്‍റ് ഹൗ റ്റു ബിഹേവ് ഇൻ ദാറ്റ് സ്‌പേസ്' എന്ന പുസ്‌തകം വായിക്കുന്നത് കണ്ടത് മീ ടൂ കൊണ്ടു വന്ന മാറ്റമാണെന്ന് ശ്രുതി പറഞ്ഞു.