മുംബൈ: ഊര്‍മിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരും. ഊർമിള ശിവസേനയിൽ അംഗമാകുമെന്ന് കഴിഞ്ഞ 14 മാസങ്ങളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നടി ഈ വാർത്തകൾ നിഷേധിച്ചിരുന്നു. എന്നാൽ, ഞായറാഴ്‌ച രാത്രിയോടെ അന്തിമ തീരുമാനമായി. ഹിന്ദി സിനിമാതാരവും മുൻ കോൺഗ്രസ് അംഗവുമായിരുന്ന ഊർമിള, പാർട്ടി പ്രസിഡന്‍റും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ശിവസേനയിൽ ചേരുമെന്നുമാണ് റിപ്പോർട്ട്.
ഊർമിള ശിവസേനാംഗമാണെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരുന്നാൽ മതിയെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കൂടാതെ, സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 11 പേരുടെ പട്ടികയില്‍ ശിവസേനയിലെ മഹാ വികാസ് അഗാദി (എംവിഎ) സഖ്യം ഊര്‍മിള മദോണ്ഡ്കറിന്‍റെ പേരും ഉൾപ്പെടുത്തിയിരുന്നു.
2019 സെപ്റ്റംബറിലാണ് ഊര്‍മിള കോൺഗ്രസ് വിട്ടത്. മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ കോൺഗ്രസിനെ പ്രതിനിധീകരിച്ച് നടി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേ തുടർന്ന്, കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ബോളിവുഡ് താരം പാർട്ടിയിൽ നിന്നും രാജിവെച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, കങ്കണ റണൗട്ടും ഊർമിളയും തമ്മിലുണ്ടായ വാക്‌പോരും ഏറെ വിവാദമായിരുന്നു.