കഴിഞ്ഞ മാസം വാട്‌സ്‌ആപ്പ് നിരവധി അപ്‌ഡേഷനുകള്‍ അവതരിപ്പിച്ചിരുന്നു. ഐഫോണിലെ വീഡിയോ കോളുകള്‍ക്ക് പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ്, മള്‍ട്ടിമീഡിയ ഫലയുകള്‍ അയയ്‌ക്കുമ്പോള്‍ വിവരണങ്ങള്‍ ചുവടെ ചേര്‍ക്കുവാനുള്ള ഓപ്‌ഷന്‍, ഒരേ സമയം 100 ഫോട്ടോ അല്ലെങ്കില്‍ വീഡിയോകള്‍ ഒരുമിച്ച് അയക്കാന്‍ സാധിക്കുന്ന രീതി തുടങ്ങിയ നിരവധി ഉപയോഗപ്രദമായ അപ്‌ഡേഷനായിരുന്നു വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നത്. 'എക്‌സ്‌പേയറിങ് ഗ്രൂപ്പ്' എന്ന പേരില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.
ഒരു കാലം കഴിയുമ്പോള്‍ തനിയെ ഡിലീറ്റായി പോകുന്ന മെസേജുകള്‍ പോലെ തന്നെ താത്കാലികമായി ഒരു ഗ്രൂപ്പ് നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് വാട്‌സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ മാറ്റം. ഗ്രൂപ്പ് ആരംഭിക്കുമ്പോള്‍ തന്നെ അഡ്‌മിന്‍ ഒരു പ്രത്യേക തീയതി ക്രമീകരിച്ചാല്‍ ആ തീയതി അവസാനിക്കുമ്പോള്‍ ആപ്പില്‍ നിന്നും ഗ്രൂപ്പ് ഇല്ലാതാകുന്നു. വാട്‌സ്‌ആപ്പ് കമ്മ്യൂണിറ്റി ബ്ലോഗായ ഡബ്യൂഎ ബീറ്റഇന്‍ഫോ (WABetaInfo) ആണ് ആപ്പിന്‍റെ പുതിയ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
എന്തിന് വേണ്ടി പുതിയ ഫീച്ചര്‍? ജോലി സ്ഥലങ്ങളിലെ ചെറിയ കാലയളവിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകും പുത്തന്‍ ഫീച്ചര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ബാച്ചിലര്‍ പാര്‍ട്ടി, ബേബി ഷവര്‍, ട്രിപ്പുകള്‍, ഉല്ലാസവേളകള്‍ തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇത് ഉപകരിക്കുന്നു. നാല് ഓപ്‌നാണ് ഇതിനായി വാട്‌സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.
ഒരു ദിവസം(one day), ഒരു ആഴ്‌ച (one week), ഇഷ്‌ടാനുസൃതമായി തെരഞ്ഞെടുക്കാവുന്ന തീയതി (custom date), കാലഹരണപ്പെടൽ തീയതി നീക്കം ചെയ്യുക (remove expiration date) തുടങ്ങിയവയാണ് നാല് ഓപ്‌ഷനുകള്‍. തീയതി കാലഹരണപ്പെട്ടാല്‍ ഗ്രൂപ്പ് തനിയെ മെസഞ്ചര്‍ ആപ്പില്‍ നിന്നും ഇല്ലാതാകുന്നു. ഉപയോക്താക്കള്‍ക്ക് തീയതിയില്‍ മാറ്റം വരുത്തണമെങ്കില്‍ അത് എഡിറ്റ് ചെയ്യുവാനുള്ള ഓപ്‌ഷനും ഉണ്ട്.
അല്ലെങ്കില്‍ മറ്റ് ചില പദ്ധതികള്‍ക്ക് വേണ്ടി ഗ്രൂപ്പിന്‍റെ കാലാവധി നീട്ടണമെങ്കില്‍ അതിനും സാധിക്കും. പലപ്പോഴും ഏതെങ്കിലും ഒരു അവസരത്തില്‍ സൃഷ്‌ടിച്ചിട്ടുള്ള ഗ്രൂപ്പുകള്‍ ഉപയോഗ ശ്യൂനമായി ആപ്പില്‍ നിലനില്‍ക്കുന്നുണ്ടാകും. എന്നാല്‍, ഇത്തരം ഗ്രൂപ്പുകളില്‍ നിന്നും എക്‌സിറ്റ് ആയാല്‍ മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്ത് വിചാരിക്കും എന്ന ചിന്തയില്‍ അത് സാധ്യമാകില്ല.
ഇനിയും മാറ്റങ്ങള്‍: ഇതിനെല്ലാം ഒരു പരിഹാരമെന്നോണമാണ് കമ്പനിയുടെ ഫീച്ചര്‍. എന്നാല്‍, വാട്‌സ്‌ആപ്പ് ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തയ്യാറല്ല. മ്യൂട്ട് സ്‌പാമേഴ്‌സ്, പരിചയമില്ലാത്ത വ്യക്തികളുടെ മെസേജുകളും കേളുകളും മറച്ചുവയ്‌ക്കുക എന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മെസഞ്ചര്‍ ആപ്പ് എന്നാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്‌ത് വീണ്ടും അയയ്‌ക്കാന്‍ സാധിക്കുമോ എന്ന തരത്തില്‍ മറ്റൊരു പരീക്ഷണം കൂടി നടന്നുകൊണ്ടിരിക്കുകയാണ്.
വാക്കുകളുടെ അക്ഷരങ്ങള്‍ ഒരിക്കല്‍ തെറ്റിയാല്‍ വീണ്ടും ശരിയാക്കുവാനും ഓട്ടോ കറക്ഷന്‍ വന്ന് മറ്റൊരു വാക്കായി മാറിയാല്‍ യഥാര്‍ഥ വാക്ക് ആക്കി മാറ്റുവാനും സാധിക്കും. സന്ദേശം എത്തിച്ചേരേണ്ട വ്യക്തി മെസേജുകള്‍ വായിക്കുന്നതിന് മുമ്പേ തന്നെ തെറ്റിപ്പോയ സന്ദേശങ്ങള്‍ക്ക് മോഡി വരുത്താനുള്ള ശ്രമങ്ങളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.