ന്യൂഡൽഹി : ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇല്ലാതാക്കാതെ തന്നെ ത്രെഡ്‌സ് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് മെറ്റ (Threads users can delete their accounts separately from Instagram). ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പടെയുള്ള മറ്റ് ആപ്പുകളിലേക്ക് അവരുടെ പോസ്റ്റുകൾ സ്വയമേവ പങ്കിടുന്നത് ഓഫാക്കാനും ത്രെഡ്‌സിൽ ഇനി സംവിധാനം ഉണ്ടാകും. കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ അപ്‌ഡേഷൻ.
ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. കൂടുതൽ നിയന്ത്രണം വേണമെന്ന ഫീഡ്‌ബാക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും ആദം മൊസേരി വ്യക്തമാക്കി.
ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി സെറ്റിങ്സ്, അക്കൗണ്ട്, പ്രൊഫൈൽ ക്ലിക്ക് ചെയ്‌ത് ഡിലീറ്റ് ഓപ്‌ഷൻ തെരഞ്ഞെടുത്താൽ മതിയാകും. 'ഡിലീറ്റ്' ഒപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലിങ്ക് ചെയ്‌ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ബാധിക്കാതെ തന്നെ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കും. ത്രെഡ്‌സ് അക്കൗണ്ട് താത്കാലികമായി ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഡീആക്‌ടിവേറ്റ് ഒപ്‌ഷൻ തെരഞ്ഞെടുക്കാം.
ത്രെഡ്‌സില്‍ ഇപ്പോൾ പ്രതിമാസം 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആപ്പ് 1 ബില്യൺ ഉപയോക്താക്കളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നുമാണ് മെറ്റ സിഇഒ സക്കർബർഗിന്‍റെ വാദം.
ട്വിറ്ററിന് ബദലായി സക്കർബർഗ് ഇൻസ്റ്റഗ്രാമിന് കീഴിൽ അവതരിപ്പിച്ച മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായിരുന്നു ത്രെഡ്‌സ്. ഇൻസ്റ്റഗ്രാമിന്‍റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത പതിപ്പാണ് ത്രെഡ്‌സ് എന്ന ആപ്പ്. ഓൺലൈനിൽ തത്സമയ സംഭാഷണങ്ങൾക്കായി ഇത് ഒരു ഇടം വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ, ത്രെഡ്‌സിൽ അക്കൗണ്ട് എടുത്തവർ പറഞ്ഞ പ്രധാന പ്രശ്‌നം ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനാകില്ല എന്നതായിരുന്നു. ഈ പ്രതിസന്ധിയാണ് പുതിയ അപ്‌ഡേഷനിലൂടെ പരിഹരിക്കപ്പെട്ടത്.