ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃസ്ഥാപനമായ മെറ്റ സൂപ്പർ എന്ന പേരിൽ പുതിയ ലൈവ് സ്ട്രീമിങ് സേവനം പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ട്വിച്ച് (Twitch) പ്ലാറ്റ്‌ഫോമിന് സമാനമായ ലൈവ് സട്രീമിങ് പ്ലാറ്റ്‌ഫോമാണ് സൂപ്പർ എന്നാണ് ലഭ്യമാകുന്ന വിവരം.
പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതിനായി മെറ്റ ഇൻഫ്ലുവൻസർമാരെ (നിരവധി ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റർമാരാണ് ഇൻഫ്ലുവൻസർമാര്‍) സമീപിച്ചുവെന്നാണ് വിവരം. ഇതിനകം നൂറോളം ഇന്‍ഫ്ലുവന്‍സര്‍മാര്‍ മാത്രമാണ് സൂപ്പര്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളത്. സൂപ്പർ തികച്ചും വ്യത്യസ്‌തമായ ഒരു ഉത്പന്നമാണെന്നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഭാഗമല്ലെന്നും മെറ്റ പ്രതിനിധി പറഞ്ഞു.
പൊതുജനങ്ങൾക്ക് സൂപ്പറിന്‍റെ വെബ്സൈറ്റ് ആക്‌സസ് ചെയ്യാവുന്നതാണ്. മെറ്റയിൽ നിന്നുള്ള എൻപിഇ ടീം ആണ് സേവനം നൽകുന്നതെന്ന വെബ്സൈറ്റിന്‍റെ അടിക്കുറിപ്പ് അല്ലാതെ മെറ്റയെ കുറിച്ച് മറ്റ് പരാമർശങ്ങളൊന്നും നിലവിൽ സൂപ്പർ വെബ്സൈറ്റിൽ ലഭ്യമല്ല. പുതിയ ആപ്ലിക്കേഷനുകളുടെ റിലീസിൽ പ്രവർത്തിക്കുന്നതാണ് മെറ്റയിലെ എൻപിഇ എന്നറിയപ്പെടുന്ന ഡെവലപർ ടീം.
സൂപ്പർ മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഫേസ്ടൈമിന് സമാനമായ വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമിന് സമാനമായിട്ടായിരുന്നു മുൻപ് സൂപ്പർ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ട്വിച്ചിന് സമാനമായ ഫീച്ചറുകളാണ് സൂപ്പറിനെ വാർത്തകളിൽ നിറയ്ക്കുന്നത്.
ട്വിച്ചിന് സമാനമായി ലൈവ് സ്ട്രീമിങ്ങിലൂടെ പണം സമ്പാദിക്കാനും ക്രിയേറ്റർമാർക്ക് സൂപ്പറിലൂടെ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ക്രിയേറ്റർമാർക്ക് സംഭാവന നൽകാനും സാധിക്കും. സബ്‌സ്ക്രിപ്‌ഷൻ ഓപ്‌ഷനിലൂടെ ക്രിയേറ്റർമാരുടെ കണ്ടന്‍റുകൾ വാങ്ങാനും സാധിക്കും.
മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുമായി സൂപ്പറിനെ ബന്ധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൂപ്പറിൽ ലോഗിൻ ചെയ്യാനാകും. സൂപ്പർ ഇപ്പോൾ പരീക്ഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്. എപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് നിലവിൽ അറിയില്ല.