ഹൈദരാബാദ്: വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതി സുസുക്കിയുടെ ജിമ്‌നി എസ്‌യുവി വിപണിയില്‍. ഇന്ത്യയില്‍ സര്‍പ്രൈസ് എന്‍ട്രിയായി എത്തിയ മാരുതിയുടെ ചുണക്കുട്ടന്‍ ജിമ്‌നി ഇന്ന് മുതല്‍ ലഭ്യമാകും. 12.7 ലക്ഷം രൂപയാണ് മാരുതിയുടെ പുതിയ എസ്‌യുവിയുടെ പ്രാരംഭവില.
അഞ്ച് ഡോറുകളുളള എസ്‌യുവി ഇന്ത്യയിലെ എല്ലാ NEXA ഷോറൂമുകളിലും ലഭ്യമാകും. ആകര്‍ഷകമായ അഞ്ച് മോണോടോണ്‍ ഷേഡുകളും രണ്ട് ആകര്‍ഷകമായ ഡ്യൂവല്‍ ടോണ്‍ ഓപ്‌ഷനുകളും ഉള്‍പ്പെടെ ഏഴ് കളര്‍ ഓപ്‌ഷനുകളില്‍ ജിമ്‌നി ലഭ്യമാകും. ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ജിമ്‌നിയുടെ ഇന്റീരിയറുകൾ മികച്ച രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. വലിയ ബൂട്ട് സ്പേസ് ജിമ്‌നി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നാല് പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് വാഹനത്തിന്‍റെ ഉൾഭാഗം ഒരുക്കിയിരിക്കുന്നത്. മൂന്ന് വകഭേദങ്ങളിലായി മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളിലാണ് ജിമ്‌നി ഇന്ത്യൻ വിപണിയിലെത്തിയത്. സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും സീറ്റയുടെ ഓട്ടോമാറ്റികിന് 13.94 ലക്ഷം രൂപയും ആല്‍ഫ ഓട്ടോമാറ്റികിന് 14.89 ലക്ഷം രൂപയും ആല്‍ഫ ഓട്ടോമാറ്റിക് ഡ്യുവല്‍ ടേണിന് 15.05 ലക്ഷം രൂപയുമാണ് വില.
സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയാണ് ജിമ്‌നിയുടെ കരുത്ത്. മാനുവൽ വകഭേദത്തിന് ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷത. ഫോർവീല്‍ ഡ്രൈവ് ഹൈ, ഫോർവീല്‍ ഡ്രൈവ് ലോ എന്നി മോഡുകൾ വാഹന പ്രേമികളെ കൂടുതല്‍ ആകർഷിക്കും. ആറ് എയർബാഗുകൾ, റിവേഴ്‌സ് കാമറ എന്നിവയടക്കം മികച്ച സുരക്ഷ സൗകര്യങ്ങളും ജിമ്‌നി ഉറപ്പുതരുന്നുണ്ട്.
മലമടക്കുകള്‍, ഹൈറേഞ്ച് അടക്കം ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ജിമ്‌നിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ ഒന്നാമനാകാന്‍ മാരുതി സുസുക്കി എസ്‌യുവി വിഭാഗത്തില്‍ രണ്ട് വമ്പന്‍മാരെ അവതരിപ്പിച്ചത്. ജിമ്‌നിക്കൊപ്പം ഫ്രോന്‍ക്‌സ് എന്ന പുതിയ വാഹനവും മാരുതി സുസുക്കി ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ല്‍ അവതരിപ്പിച്ചിരുന്നു. ഈ രണ്ട് എസ്‌യുവികള്‍ക്കായുളള ബുക്കിങ് അന്ന് മുതല്‍ ആരംഭിച്ചു.
വിവിധ ലോകരാജ്യങ്ങളിലായി ഇതുവരെ 3.2 മില്യണ്‍ ജിമ്‌നിയുടെതായി വിറ്റുപോയിട്ടുണ്ട്. ആ സ്വീകാര്യത ഇന്ത്യന്‍ വിപണിയിലും ലഭിക്കുമെന്നാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്. അതേസമയം എറ്റവും പുതിയ ഒരു ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് ഇന്‍ജക്ഷന്‍ എന്‍ജിനോട് കൂടിയാണ് ഫ്രോന്‍ക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.