വാഷിംഗ്‌ടൺ: ക്രോം ബുക്കിന്‍റെ 10 വാർഷിക ആഘോഷിത്തിന്‍റെ ഭാഗമായി ക്രോം-ഒഎസിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. പുതിയ കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും ഫോണ്‍ ഹബ്ബ്. ഫോണ്‍ ഹബ്ബ് ഉപയോഗിച്ച് തങ്ങളുടെ ആൻഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കൾക്ക് ക്രോം ബുക്കുമായി ബന്ധിപ്പിക്കാം. ഇതിലൂടെ ഫോണിൽ വരുന്ന മെസേജുകൾക്ക് മറുപടി കൊടുക്കാനും ഫോണിന്‍റെ സ്ഥാനം കണ്ടെത്താനും ബാറ്ററി ചാർജ് പരിശോധിക്കാനുമെല്ലാം ക്രോം ബുക്കിലൂടെ കഴിയും. കൂടാതെ മൊബൈലിലെ ക്രോം സെർച്ച് എഞ്ചിനിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ടാബുകൾ ക്രോം ബുക്കിൽ ഉപയോഗിക്കാനും വൈഫൈ ഹോട്ട് സ്പോട്ട് ഉപയോഗിക്കാനും ഉള്ള സൗകര്യവും പുതിയ വേർഷനിൽ ഉണ്ടാകും.
എയർ ഡ്രോപ്പിന് സമാനമായി ഫോണിൽ നിന്നും തിരിച്ച് ക്രോം ബുക്കിലേക്കും ഡേറ്റ കൈമാറ്റം ചെയ്യാനുള്ള ഓപ്ഷനും പുതിയ കൂട്ടിച്ചേർക്കലിന്‍റെ ഭാഗമായി ഉണ്ടാകും. സ്ക്രീൻ റെക്കോർഡിങ്ങിനും സ്ക്രീൻ ഷോട്ടുകൾ എടുക്കുന്നതിനുമായുള്ള ഒരു ടൂൾ ക്വിക്ക് സെറ്റിങ്സ് മെനുവിൽ ഉണ്ടാകും. ക്വിക്ക് ആൻസർ എന്ന ഒരു ഓപ്ഷൻ കൂടി പുതിയ ക്രോം ഒഎസിൽ കാണും. ഈ ഓപ്‌ഷൻ ഉപയോഗിച്ച് വാക്കുകളിൽ റൈറ്റ് ക്ലിക്ക് ചെയ്‌ത് അവയുടെ അർഥവും തർജ്ജിമയും കണ്ടെത്താനാവും. കൂടാതെ ക്രോം ഒഎസിന്‍റെ വിർച്ച്വൽ ഡെസ്‌ടോപ് ഫീച്ചറുകളും ഗൂഗിൾ മെച്ചപ്പെടുത്തുകയാണെന്നാണ് പുതിയ വിവരം.