തിരക്കിട്ട ദൈനംദിന ജീവിതത്തിനിടയിൽ വീട്ടിലെ ബില്ലുകൾ അടക്കാൻ ഓഫിസുകൾക്ക് മുൻപിൽ കാത്തുകെട്ടി കിടക്കാൻ ആർക്കാണ് താൽപര്യം. അതിനാൽ വാട്ടർ ബില്ലടക്കാൻ ക്യൂ നിൽക്കേണ്ടി വരുന്നവരെ ഏതാനും ക്ലിക്കുകളിലൂടെ പണമടക്കാൻ സഹായിക്കുകയാണ് കേരള വാട്ടർ അതോറ്റി (Kerala Water Authority). കെഡബ്ല്യുഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (KWA Official Website) വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
ഈ വെബ്‌സൈറ്റിൽ ദ്രുതഗതിയിൽ ഓൺലൈനായി പണമടക്കാനും പണമടച്ച രസീത് ഡൗൺലോഡ് ചെയ്യാനും സാധിക്കും. കെഡബ്ല്യുഎ ക്വിക്ക് പേ (KWA Quick Pay) ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ നിങ്ങളുടെ ബിൽ തൽക്ഷണം അടയ്‌ക്കാനുള്ള സൗകര്യവും കേരള വാട്ടർ അതോറിറ്റി നൽകുന്നുണ്ട്. ഇതിന് പുറമെ നിങ്ങളുടെ നിലവിലുള്ള ബില്ലിനെ കുറിച്ചും അടക്കേണ്ട അവസാന തിയതിയെ കുറിച്ചുമുള്ള വിവരങ്ങൾ മനസിലാക്കാനും അടച്ച ബില്ലുകളെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനും കേരള വാട്ടർ അതോറ്റി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സാധിക്കും.
വാട്ടർ ബില്ല് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അടക്കാം. എങ്ങിനെ (How to pay Kerala Water Authority bill online)
- ഓൺലൈനായി ബില്ല് അടക്കുന്നതിന് കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://kwa.kerala.gov.in/ സന്ദർശിക്കുക.
- തുറന്നുവരുന്ന പ്രധാന പേജിലെ ഉപഭോക്തൃ ഭാഗം (Consumer Corner) ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- ശേഷം അടുത്ത പേജിൽ കാണുന്ന 'ഓൺലൈൻ സേവനത്തിനായുള്ള വാട്ടർ ചാർജ് അടക്കുക' (Pay Water Charge) എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- വാട്ടർ ബില്ല് അടക്കുന്നതിനായി തുറന്നുവരുന്ന പേജിൽ വ്യു ബിൽ (View Bill) എന്ന പേരിൽ ആദ്യം കാണുന്ന ബോക്‌സിൽ നിങ്ങളുടെ ഉപഭോക്തൃ ഐഡിയും രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറും നൽകി 'പ്രൊസീഡ്' (Proceed) ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ വാട്ടർ ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും
- അതിൽ പണമടച്ചതിന്‍റെ രസീത് (Payment Receipt) ലഭ്യമാക്കേണ്ട നിങ്ങളുടെ ഇമെയിൽ അഡ്രസ് ടൈപ്പ് ചെയ്‌ത് നൽകുക.
- തുടർന്ന് പണമടക്കുന്നതിനായി തന്നിട്ടുള്ള വിവിധ ഓപ്‌ഷനുകളിൽ നിങ്ങൾക്ക് സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് പണമടക്കുക (Make Payment) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇതോടെ ബില്ല് അടച്ചതിന്‍റെ രസീത് നിങ്ങൾ നൽകിയ ഇമെയിൽ ഐഡിയിൽ ലഭ്യമാകും.
ആമസോൺ പേ വഴി എങ്ങനെ വാട്ടർ ബില്ലടക്കാം (Water Bill through Amazone Pay)
- സ്‌മാർട്‌ഫോണിലെ ആമസോൺ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ആമസോൺ പേ (Amazone Pay) എന്ന ഓപ്‌ഷനിൽ കാണുന്ന പേ ബിൽസ് (Pay bills) എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- ഇതിൽ വാട്ടർ (Water) ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- തുറന്നുവരുന്ന പേജിൽ കേരള വാട്ടർ ബോർഡ് അതോറിറ്റി (Kerala Water Authority) തെരഞ്ഞെടുത്ത് ഉപഭോക്തൃ ഐഡി നൽകുക.
- തുടർന്ന് Fetch Bill എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- ഇതോടെ നിങ്ങളുടെ പേര്, അടക്കേണ്ട തുക, പണം അടക്കേണ്ട അവസാന തിയതി എന്നീ വിവരങ്ങൾ ഫോണിൽ ദൃശ്യമാകും.
- തന്നിരിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം Proceed ഓപ്‌ഷൻ ക്ലിക് ചെയ്‌ത് പണമടക്കാവുന്നതാണ്.
- പണം അടച്ചുകഴിഞ്ഞാൽ കേരള വാട്ടർ അതോറിറ്റി വാട്ടർ ബിൽ പേയ്‌മെന്‍റ് വിജയകരമായി നടന്നു എന്ന് ഫോണിൽ ദൃശ്യമാകും.
- പണമടച്ചതിന്‍റെ രസീതും പ്രിന്‍റ്ഔട്ട് എടുക്കാവുന്നതാണ്.
പേടിഎം വഴി എങ്ങനെ കേരള വാട്ടർ ബിൽ അടക്കാം (Water Bill Using Paytm App) :
- സ്‌മാർട്ട്‌ഫോണിൽ ആദ്യം പേടിഎം ആപ്ലിക്കേഷൻ (Paytm App) ഓപ്പൺ ചെയ്യുക
- ലോഗിൻ ചെയ്‌ത ശേഷം റീച്ചാർജ് ആൻഡ് ബിൽ പെയ്‌മെന്‍റ് (Recharge & Bill Payments) എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- തുറന്നുവരുന്ന മൈ ബിൽസ് ആൻഡ് റീച്ചാർജ് (My Bills & Recharges) പേജിൽ Pay your Home bills ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- ഇവിടെ കാണുന്ന വാട്ടർ ഐക്കണിൽ ക്ലിക്ക് ചെയ്യുക
- തുറന്നുവരുന്ന പേജിൽ കേരള വാട്ടർ അതോറിറ്റി (Kerala Water Authority) തെരഞ്ഞെടുത്ത് ഉപഭോക്തൃ ഐഡി (User ID) നൽകുക.
- തുടർന്ന് Proceed ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ അടക്കേണ്ട തുക ദൃശ്യമാകും.
- നൽകിയിട്ടുള്ള വിശദാംശങ്ങൾ പരിശോധിച്ച ശേഷം ലഭ്യമായ പെയ്‌മെന്‍റ് ഓപ്‌ഷനുകളിൽ നിന്ന് സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് പണം അടക്കുക.
കേരള വാട്ടർ അതോറിറ്റി വെബ്‌സൈറ്റിലൂടെ പുതിയ വാട്ടർ കണക്ഷന് അപേക്ഷിക്കുന്ന വിധം (New Water Connection)
- കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://kwa.kerala.gov.in/ തുറന്ന ശേഷം ഉപഭോക്തൃ ഭാഗം തെരഞ്ഞെടുക്കുക.
- തുറന്നുവരുന്ന പേജിൽ പുതിയ വാട്ടർ കൺക്ഷൻ (New Water Connection) ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
- അതിൽ eTapp ലോഗോക്ക് കീഴിലുള്ള Apply Online ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- അടുത്തതായി വരുന്ന eTapp ലോഗിൻ പേജിൽ നിങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ ഇമെയിൽ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക
- രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിൽ Create New Account എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് തുറന്നുവരുന്ന പേജിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പാസ്‌വേർഡും നൽകി രജിസ്‌റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
- രജിസ്‌ട്രേഷൻ പൂർത്തിയായ ശേഷം ലോഗിൻ ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും സ്‌കാൻ ചെയ്‌ത രേഖകളും അപ്‌ലോഡ് ചെയ്‌ത് സബ്‌മിറ്റ് ചെയ്യുക
- അപേക്ഷ നൽകി കഴിഞ്ഞാൽ കേരള വാട്ടർ അതോറിറ്റിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും.
പണം റീഫണ്ട് ടെയ്യലും ക്യാന്‍സലേഷനും എങ്ങിനെ ചെയ്യാം ?
ഓൺലൈനായി പണം അടക്കുന്ന സമയത്ത് തുക ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും അതിന്‍റെ വിശദാംശങ്ങൾ ലഭ്യമാവാതിരിക്കുകയും ചെയ്‌താൽ 48 മണിക്കൂർ കാത്തിരിക്കുക. ഈ സമയത്തിനുള്ളിൽ പണം അടച്ചതിന്‍റെ വിശദാംശങ്ങൾ ലഭിക്കാതിരിക്കുകയോ ബാങ്ക് അക്കൗണ്ടിലേക്ക് പണം റീഫണ്ട് ചെയ്യപ്പെടുകയോ ഉണ്ടായില്ലെങ്കിൽ epaykwa@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ കേരള വാട്ടർ അതോറിറ്റി ഹെൽപ്പ് ലൈൻ നമ്പറായ 1916 ൽ വിളിക്കുകയോ ചെയ്യുക. ഏതെങ്കിലും ഉപഭോക്താവിന് ഒരു ബില്ലിൽ ഒന്നിലധികം പണമിടപാട് നടന്നിട്ടുണ്ടെങ്കിൽ അധിക തുക അടുത്ത ബില്ലിൽ മുൻകൂർ ആയി ക്രെഡിറ്റ് ചെയ്യപ്പെടും.