ടെക്സസ്: യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽ നിന്നും ചരിത്രത്തിലേക്ക് കുതിച്ച് ലോക കോടീശ്വരൻ ജെഫ് ബെസോസും സംഘവും. വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസണിന് പിന്നാലെയാണ് ജെഫ് ബെസോസും ബഹിരാകാശം തൊട്ടത്. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്.
10 മിനിറ്റ് 21 സെക്കൻഡിൽ ചരിത്രം തീര്‍ത്ത് അവര്‍ പറന്നിറങ്ങുകയും ചെയ്തു. 'എക്കാലത്തേയും മികച്ച ദിവസം' പുതിയ നേട്ടത്തെക്കുറിച്ച് ആമസോൺ സ്ഥാപകന്‍ ബെസോസ് പറഞ്ഞതിങ്ങനെ. 57കാരനായ ജെഫ് ബെസോസിന് പുറമെ, 53 വയസുള്ള സഹോദരൻ മാർക്ക് ബെസോസ്, നെതർലണ്ടിൽ നിന്നുള്ള 18കാരനായ വിദ്യാർത്ഥി ഒലിവർ ഡീമൻ, ടെക്സാസിൽ നിന്നുള്ള പൈലറ്റായ 82കാരി വാലി ഫങ്ക് എന്നിവരുള്‍പ്പെട്ട സംഘമാണ് ബഹിരാകാശം തോട്ടത്. സംഘം തിരിച്ചെത്തിയതും ഒരു പിടി റെക്കോര്‍ഡുകളുമായാണ്.
പിറന്നത് ഒരുപിടി ചരിത്രം
ബഹിരാകാശത്ത് പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും പ്രായം കൂടിയതുമായ വ്യക്തമികളായാണ് ഇരുവരും മാറിയത്. ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധരില്ലാതെയും നിയന്ത്രിക്കാൻ പൈലറ്റില്ലാതെയും സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചെത്തിയത്. 66 മൈൽ (106 കിലോമീറ്റർ) ഉയരത്തിലേക്കായിരുന്നു സംഘത്തിന്‍റെ യാത്ര.
also read: ഡെൽറ്റ വകഭേദം വായുവിലൂടെ: തെലങ്കാനയിൽ ജാഗ്രതാ നിർദേശം
ജൂലൈ 11ന് റിച്ചാർഡ് ബ്രാൻസണും സംഘവും നടത്തിയതിനേക്കാള്‍ 10 മൈൽ (16 കിലോമീറ്റർ) ഉയരമാണ് ഇവര്‍ കീഴടക്കിയത്. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്‍റെ 52-ാം വാർഷികത്തില്‍ കൂടിയാണ് ബെസോസും സംഘവും ബഹിരാകാശത്തെത്തിയത്. 1969 ജൂലൈ 20നായിരുന്നു അപ്പോളോ 11ല്‍ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തുന്നത്.
വാലി ഫങ്കിന് 60 വര്‍ഷത്തെ കാത്തിരിപ്പ്
ബഹിരാകാശം തൊട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായ വാലി ഫങ്കിന് 60 വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് അറുതിയായത്. 1961ൽ നാസയുടെ 'മെർക്കുറി 13' എന്ന പേരിലുള്ള ബഹിരാകാശ യാത്രാപദ്ധതില്‍ അംഗമായിരുന്നു അന്ന് 21 വയസായിരുന്ന ഫങ്ക്. 13 സ്‌ത്രീകളുടെ സംഘമായിരുന്നു അത്. മെർക്കുറി 13ന് പുറമെ പുരുഷന്മാരുടെ സംഘമായ മെർക്കുറി 7ഉം പരിശീലനങ്ങൾക്കുണ്ടായിരുന്നു.
കർശനമായ പരിശീലന പരിപാടികളായിരുന്നു ഇരു സംഘങ്ങൾക്കും. എന്നാൽ, അവസാനമായപ്പോഴേക്ക് സ്‌ത്രീകളുടെ സംഘത്തെ ബഹിരാകാശത്ത് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. ഇതോെടയാണ് സ്‌ത്രീ ആയി ജനിച്ചതിനാൽ അവസരം നഷ്‌ടപ്പെട്ട വാലി ഫങ്കിന് 60 വർഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്.