ന്യൂഡൽഹി : റഷ്യ-യുക്രൈൻ സൈനിക സംഘർഷം ചരക്ക് നീക്കത്തെയും പണ ഇടപാടുകളെയും എണ്ണവിലയെയും സ്വാധീനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വ്യാപാരത്തിലും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കയറ്റുമതി രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. കരിങ്കടൽ കടന്നുപോകുന്ന പ്രദേശങ്ങളിലേക്ക് ചരക്കുകൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്‌ഐഇഒ) അറിയിച്ചു.
റഷ്യ, യുക്രൈൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് സൂയസ് കനാൽ, കരിങ്കടൽ എന്നീ ജലപാതകളിലൂടെയാണ് ചരക്ക് നീക്കം നടക്കുന്നത്. അതിനാൽ തന്നെ വ്യാപാരത്തിലുണ്ടാകുന്ന പ്രത്യാഘാതം യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് എഫ്‌ഐഇഒ ഡയറക്‌ടർ ജനറൽ അജയ് സഹായ് പറഞ്ഞു.
റഷ്യ- യുക്രൈൻ സംഘർഷം കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്. യുദ്ധ മേഖലയിൽ വ്യാപാരം കൊകാര്യം ചെയ്യുന്നതിൽ കയറ്റുമതിക്കാർ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനാൽ നിലവിലെ പ്രതിസന്ധി ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തെ ബാധിക്കുമെന്ന് മുംബൈയിൽ നിന്നുള്ള വ്യവസായി ശരദ് കുമാർ സറഫ് പറയുന്നു.
സൈനിക നടപടി ദീർഘകാലം തുടരുകയാണെങ്കിൽ ആ മേഖലയുമായി ബന്ധപ്പെട്ടുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് എഫ്‌ഐഇഒ വൈസ് പ്രസിഡന്‍റ് ഖാലിദ് ഖാൻ പറയുന്നു. എണ്ണ - വാതക വിലകൾ വർധിക്കുകയും വ്യാപാരികൾക്ക് പണമിടപാടുകളിൽ കാലതാമസം നേരിടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വർഷം ഇതുവരെ 9.4 ബില്യൺ ഡോളറാണ്. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 8.1 ബില്യൺ ഡോളറായിരുന്നു. ഇന്ധനങ്ങൾ, ധാതു എണ്ണകൾ, മുത്തുകൾ, അമൂല്യമായ കല്ലുകൾ, ആണവ റിയാക്‌ടറുകൾ, ബോയിലറുകൾ, യന്ത്രങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, വൈദ്യുത യന്ത്രങ്ങൾ, രാസവളങ്ങൾ എന്നിവയാണ് റഷ്യയിൽ നിന്നും പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍. മരുന്നുകൾ, വൈദ്യുത യന്ത്രങ്ങൾ, ഉപകരണങ്ങൾ, ജൈവ പദാർഥങ്ങൾ, വാഹനങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്‌തുക്കൾ.
യുക്രൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വർഷം ഇതുവരെ 2.3 ബില്യൺ ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2.5 ബില്യൺ ഡോളറായിരുന്നു. കാർഷിക ഉത്പന്നങ്ങൾ, ലോഹ സംസ്‌കരണപരമായ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, പോളിമറുകൾ മുതലായവയാണ് യുക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവ. മരുന്നുകൾ, യന്ത്രങ്ങൾ, കെമിക്കൽസ്, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് യുക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്നത്.