'വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക' ഇന്നോളം മലയാളി വായിച്ചറിയാത്ത അതി തീക്ഷ്‌ണമായ യാത്ര മൊഴി ആയിരുന്നു പത്മരാജന്‍ സൃഷ്‌ടിച്ച ലോല എന്ന കഥാപാത്രത്തിന്‍റേത്.
നക്ഷത്രങ്ങളുടെ സ്നേഹഭാജനമാകാനും സ്വപ്‌നങ്ങളില്‍ ഗന്ധർവനാകാനും ഓർമകളില്‍ തൂവാനമാമാകാനും കഴിയുന്നൊരാൾ... അയാൾ അഭ്രപാളിയില്‍ കഥ പറഞ്ഞപ്പോൾ അത് അന്നുവരെ കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത സ്വപ്‌നാനുഭവമായി മാറുകയായിരുന്നു...പി പത്മരാജൻ..
കാലം ഒഴുകി മറയുമ്പോഴും അയാൾ പറഞ്ഞുവെച്ചതൊക്കെയും ഇവിടെയുണ്ട്...ഇനിയുമെത്ര കണ്ടതാലും വായിച്ചാലും മതിവരാതെ ആസ്വാദകരുടെ ഹൃദയത്തില്‍...46-ാം വയസില്‍ ഹൃദയതാളം നിലയ്ക്കുമ്പോൾ ഇനിയുമേറെ കഥകൾ പറയാൻ ബാക്കിവെച്ചാണ് പത്മരാജൻ നക്ഷത്ര ലോകത്തേക്ക് മടങ്ങിയത്. മഴയോട് ഇണചേർന്ന് പ്രണയത്തെയും വിരഹത്തെയും അക്ഷരങ്ങളാല്‍ ചേർച്ചുവെയ്‌ക്കാൻ പത്മരാജനുണ്ടായിരുന്നെങ്കില്‍ ഇന്ന് (മെയ് 23) 78-ാം ജന്മനാളാകുമായിരുന്നു.
പ്രണയത്തെ ഇത്രമേല്‍ തീവ്രമായി പ്രേക്ഷകരിലേക്ക് പകർന്നുവെച്ച മറ്റൊരു ചലച്ചിത്രകാരൻ മലയാളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല.. മനുഷ്യന്‍റെ എല്ലാ വികാരങ്ങളെയും പത്മരാജൻ അഭ്രപാളിയിലേക്ക് പകർത്തിയെഴുതി. ജീവിത സങ്കല്‍പ്പങ്ങൾ പുസ്‌തകങ്ങളായപ്പോൾ പത്മരാജൻ മലയാളിയുടെ പപ്പേട്ടനായി. അത് പിന്നെ സിനിമയെന്ന മായിക ലോകത്തേക്ക് പപ്പേട്ടൻ മാറ്റിയെഴുതിയപ്പോൾ പത്മരാജൻ മലയാളിയുടെ ഗന്ധർവ്വനായി.
കഥയും നോവലും തിരക്കഥയുമൊക്കെയായി ജീവിത വിചാരങ്ങൾ പത്മരാജൻ നമുക്ക് മുന്നില്‍ പകർന്നുവെച്ചു. കാലത്തിനും മുൻപേ സഞ്ചരിച്ച ചിന്തകളെ കാലാനുവർത്തിയായി മനുഷ്യമനസിലേക്ക് പത്മരാജൻ തൊടുത്തുവിട്ടു. കന്യകാത്വം, പ്രണയം, രതി, സൗഹൃദം തുടങ്ങി പത്മരാജൻ തുറന്നു പറയാൻ തുടങ്ങിയപ്പോൾ ആദ്യം നെറ്റിചുളിച്ചവർ പോലും പിന്നീട് ആ കഥാപാത്രങ്ങളുടെ ആരാധകരായി.
സ്ത്രീ, രതി, പ്രണയം, പ്രകൃതി, പത്മരാജൻ: സ്വയം തിരിച്ചറിഞ്ഞു ജീവിച്ച തൂവാനത്തുമ്പികളിലെ ക്ലാര എന്നും മലയാളിയുടെ പ്രണയമാണ്. സ്വന്തമാക്കുക എന്നത് മാത്രമല്ല, വിട്ടുകൊടുക്കലുമാണ് പ്രണയം എന്ന് ക്ലാരയും നാട്ടിൻപുറത്തെ പ്രണയമായി രാധയും തൂവാനത്തുമ്പികളായി. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ നിമ്മിയും സാലിയും സ്വാതന്ത്ര്യം തേടി ഒളിച്ചോടുന്നതും ആരാലും തിരിച്ചറിയപ്പെടാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്നതുമൊക്കെ അന്ന് നാം കണ്ടത് കൗതുകത്തോടെയാണ്.
സ്വവർഗാനുരാഗത്തിന്‍റെ തുറന്നുപറച്ചിൽ പത്മരാജന് മാത്രം പറയാൻ കഴിയുന്നതായിരുന്നു. സ്വവർഗാനുരാഗത്തെക്കുറിച്ച് മലയാളി ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ലാത്ത സമയത്താണ് പത്മരാജൻ എഴുതുന്നതും അത് സിനിമയിലേക്ക് പകർത്തുന്നതും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളില്‍ ബൈബിൾ വാചകങ്ങളിലൂടെ പ്രണയം കൈമാറിയ സോളമനും സോഫിയും പത്മരാജന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ്.
കള്ളൻ പവിത്രൻ, രതിനിർവേദം, കൂടെവിടെ, കരിയിലക്കാറ്റുപോലെ, ശാലിനി എന്‍റെ കൂട്ടുകാരി, ഒരിടത്തൊരു ഫയൽവാൻ, തിങ്കളാഴ്‌ച നല്ല ദിവസം, നൊമ്പരത്തിപ്പൂവ്, അപരൻ, മൂന്നാം പക്കം, സീസൺ, ഞാൻ ഗന്ധർവൻ... അങ്ങനെ പത്മരാജൻ പറഞ്ഞ കഥകളും അതിലെ കഥാപാത്രങ്ങളും മലയാളിയുള്ളിടത്തോളം കാലം മനസിലങ്ങനെ മായാതെ നില്‍ക്കും...
നൂറോളം കഥകളും മുപ്പതോളം നോവലുകളും തിരക്കഥകളും പതിനെട്ട് സിനിമകളും നമുക്ക് സമ്മാനിച്ചിട്ട് 32 വർഷങ്ങൾക്ക് മുൻപ് പത്മരാജൻ നക്ഷത്രങ്ങളുടെ ലോകത്തേക്ക് മടങ്ങിപ്പോയി. മലയാളിയുടെ ഗന്ധർവന് ഇന്ന് പത്മരാജന് 78-ാം ജന്മനാൾ...കാലം കണ്ണ് തട്ടാതെ കാത്തുസൂക്ഷിക്കുകയാണ് പത്മരാജന്‍റെ അക്ഷരങ്ങളെ.. കാരണം അത് കാലത്തെയും അതിജീവിക്കുന്നതാണ്... 'ഓർമയായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക'...
ജീവിത രേഖ: 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്ത് മുതുകുളത്ത് ജനനം. 1965 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ആദ്യം കഥകളെഴുതിത്തുടങ്ങിയ പത്മരാജൻ പിന്നീട് നോവലും തിരക്കഥയുമായി സിനിമയുടെ വെള്ളിവെളിച്ചത്തെ സ്വീകരിച്ചു.
ഞാൻ ഗന്ധർവ്വൻ എന്ന സ്വന്തം സിനിമയുടെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24ന് രാവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46-ാം വയസില്‍ ഹൃദയസ്‌തംഭനത്തെ തുടർന്നായിരുന്നു മരണം.
Also read : കഥകൾ പറഞ്ഞ് മറഞ്ഞ ഗന്ധർവൻ, മനസിലെ പപ്പേട്ടൻ ചിത്രങ്ങൾ
Also read : കഥ, തിരക്കഥ പത്മരാജൻ -സംവിധാനം ഭരതൻ