തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റില്‍. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം. സ്‌മിബിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ പ്രതികളായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.ജി. അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ നിധിൻ എം. മാധവന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് സ്‌മിബിനും മഹേഷും ഇന്നലെ സ്റ്റേഷനിൽ ഹാജരായത്.
ഇന്നലെ അറസ്റ്റിലായവരെ, രഞ്ജിത്തിനെ മർദിക്കാന്‍ കൊണ്ടുവന്ന പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിന്റെ സമീപത്തെ കള്ള് ഗോഡൗണിലും പിന്നീട് ഗുരുവായൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. പ്രിവന്റീവ് ഓഫീസർ വി.എ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ എം.ഒ.ബെന്നി, ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാര്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് മര്‍ദനമേറ്റ് മരിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ എക്സൈസ് അഡീഷണൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്‌പെന്‍റ് ചെയ്‌തിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കേസിന്‍റെ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. കസ്റ്റഡി മരണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.