വാഷിങ്ടണ്‍: ദിവസങ്ങളുടെ വ്യത്യാസത്തില്‍ ലോകത്തിലെ പ്രധാന ശക്തികളായ ചൈനയുമായും അമേരിക്കയുമായും കരാറുകള്‍ ഒപ്പുവച്ച് സൗദി അറേബ്യ. തങ്ങളുടെ ബദ്ധശത്രു ആയ ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ഉതകുന്ന തരത്തിലാണ് ചൈനയുമായി സൗദി ഒപ്പുവച്ച കരാര്‍. അതേസമയം ബോയിങ്ങില്‍ നിന്ന് വാണിജ്യ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറാണ് അമേരിക്കയുമായി ഒപ്പുവച്ചത്.
പ്രബലമായ രണ്ട് കരാറുകളിലും ഒപ്പു വയ്‌ക്കുക വഴി കൂടുതല്‍ ശക്തമായൊരു സാമ്പത്തിക ശക്തിയായി സൗദി ഉയരുന്നു എന്നതാണ് വ്യക്തമാകുന്നത്. മിഡില്‍ ഈസ്റ്റ് രാഷ്‌ട്രീയത്തില്‍ ചൈനയെ മുന്‍നിര റോളില്‍ അവതരിപ്പിക്കുകയാണ് പ്രസ്‌തുത കരാറിലൂടെ സൗദി ചെയ്‌തിരിക്കുന്നത്. അതേസമയം ജോ ബൈഡന്‍റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അമേരിക്ക-സൗദി ബന്ധം മരവിച്ചിട്ടുണ്ടോ എന്ന ചോദ്യം ആഗോള തലത്തില്‍ ഉയര്‍ന്നിരുന്നു.
കാരണം സൗദിയുടെ മനുഷ്യാവകാശ നയങ്ങളും ഉത്‌പാദനം കുറയ്‌ക്കുന്നതിനായി സൗദിയുടെ നേതൃത്വത്തില്‍ ഒപെകില്‍ നടന്ന ഒത്തുകളി നീക്കത്തെയും ബൈഡന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യുഎസ്-സൗദി ബന്ധത്തില്‍ കാര്യമായ മാറ്റത്തെയാണ് നിലവിലെ വിമാന ഇടപാട് സൂചിപ്പിക്കുന്നത് എന്ന പരാമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ ഇടപാടിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷ താത്‌പര്യങ്ങളെ സൗദിയും മറ്റ് ലോക രാജ്യങ്ങളും പിന്തുണക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ഈ ആഴ്‌ച സൗദി അറേബ്യ 121 വിമാനങ്ങള്‍ വരെ വാങ്ങുമെന്ന് ബോയിങ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവിന്‍റെ പ്രതികരണം. എന്നാൽ ഇറാൻ-സൗദി നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിൽ ചൈനയുടെ പങ്കാളിത്തവും വൈറ്റ് ഹൗസ് സ്ഥിരീകരിച്ച പ്രധാന ബോയിങ് കരാറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ബൈഡന്‍റെ റോളർ-കോസ്റ്റർ ബന്ധത്തിന് പുതിയ വഴിത്തിരിവ് നൽകുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ബൈഡനെ ചൊടിപ്പിച്ച സൗദിയുടെ പ്രവൃത്തികള്‍: സൗദി ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ബൈഡനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ റഷ്യയെ സഹായിക്കുന്ന തരത്തില്‍ ഒപെകില്‍ സൗദിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുകളിയിയിലും ബൈഡന്‍ രോഷം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ നിലവില്‍ അമേരിക്കയും സൗദിയും കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ സമയം ചൈന മിഡില്‍ ഈസ്റ്റുമായി കൂടുതല്‍ ശക്തമായ നയതന്ത്ര ബന്ധത്തിന് ശ്രമിക്കുകയാണ്. ഇറാനുമായി സൗദി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അമേരിക്കയുമായി പങ്കുവച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ചൈനയുമായി കരാര്‍ ഒപ്പുവയ്‌ക്കുന്നതിന് മുമ്പ് തന്നെ ഇറാഖും ഒമാനും ആതിഥേയത്വം വഹിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായി. അമേരിക്കയ്‌ക്ക് ഇറാനുമായി നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.
സൗദി-ഇറാന്‍ പ്രശ്‌നം: സൗദിയും ഇറാനും തമ്മിലുള്ള ബന്ധം ചരിത്രപരമായി ഈ മേഖലയിലെ വിഭാഗീയ വിഭജനവും കടുത്ത മത്സരവും കൊണ്ട് നിറഞ്ഞതും കലുഷിതവുമാണ്. 2016ൽ സൗദി അറേബ്യ പ്രമുഖ ഷിയാ പുരോഹിതൻ നിംറ് അൽ നിംറിനെ വധിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടത്. ടെഹ്‌റാനിലെ പ്രതിഷേധക്കാർ സൗദി എംബസി ആക്രമിക്കുകയും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി, അൽ-നിംറിന്‍റെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു. യെമൻ, സിറിയ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിൽ വർഷങ്ങളായി യുദ്ധങ്ങൾ നടത്തുന്ന ഗൾഫ് അറബ് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ശമിപ്പിക്കുന്നതിൽ ചൈന അതേ ദിശയിൽ തുഴയുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ അടുത്തിടെ പറഞ്ഞിരുന്നു.
മേഖലയില്‍ അമേരിക്ക ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതും ഇതുതന്നെയാണെന്ന് പ്രതികരിച്ച സള്ളിവന്‍ പക്ഷേ ചൈനയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. അതേസമയം യമനിലെ യുഎസ് വക്താവ് ദൂതൻ ടിം ലെൻഡർകിങ് ഈ ആഴ്‌ച സൗദി അറേബ്യയും ഒമാനും സന്ദർശിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യെമനിലെ ശത്രുത അവസാനിപ്പിക്കുന്നതിൽ ചൈനയ്ക്ക് ശക്തിപകരുന്ന പങ്ക് വഹിക്കാനാകുമെങ്കിൽ അത് ഒരു നല്ല മുന്നേറ്റമായി അമേരിക്കന്‍ ഭരണകൂടം കാണുമെന്ന് തന്നെയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചൈനയുടെ ഇടപെടലില്‍ സംശയം ഉന്നയിച്ച് അമേരിക്ക: എന്നാല്‍ അമേരിക്കയും സൗദിയും യമന്‍ യുദ്ധത്തില്‍ ഇറാന്‍റെ ഉദ്ദേശത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. കൂടാതെ യുഎൻ രക്ഷാസമിതിയിൽ അംഗമായ ചൈന ഇന്നുവരെ യെമൻ സംഘർഷത്തിലോ സിറിയയിലോ ഇസ്രയേൽ-പലസ്‌തീൻ പ്രശ്‌നങ്ങളിലോ കാര്യമായ താത്‌പര്യം കാണിച്ചിട്ടില്ലെന്നും അമേരിക്ക ആരോപിക്കുന്നു. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കാലത്ത് നിര്‍ത്തിവച്ച ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ശ്രമിച്ചിരുന്നു.
ഇറാന്‍റെയും സൗദിയുടെയും പ്രധാന എണ്ണ ഉപഭോക്താവായ ചൈന ഇരു രാജ്യങ്ങളുടെയും പ്രാദേശിക രാഷ്‌ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിലാണ്. ഡിസംബറില്‍ സൗദി സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്‍റ് ഇബ്രാബിം റൈസിയെ ചൈനയിലേക്ക് സ്വീകരിക്കുകയുണ്ടായി.
ചൈനയുടെ നയതന്ത്ര സംരംഭങ്ങള്‍ പണത്തില്‍ അധിഷ്‌ടിതമാണെന്ന് ട്രംപ് ഭരണകാലത്ത് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ചൈന നയ ഉപദേശകനായി സേവനമനുഷ്‌ഠിച്ച യു പറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും ചൈന സൗഹാര്‍ദ ഇടപെടല്‍ നടത്തിയതെല്ലാം പണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഇത്തരം ഇടപാടുകളില്‍ സ്ഥിരമായ സൗഹൃദം ഉണ്ടാകുന്നില്ല.
മിഡിൽ ഈസ്റ്റുമായി കൂടുതൽ ആഴത്തിൽ ഇടപഴകാൻ ചൈന നടത്തുന്ന ഓരോ നീക്കവും അമേരിക്കയെ ദോഷകരമായി ബാധിക്കണമെന്നില്ലെന്ന് സൗദി അറേബ്യയുടെ പതിവ് വിമർശകനായ ക്രിസ് മർഫി അഭിപ്രായപ്പെട്ടു. എന്നാല്‍ കൂടുതല്‍ അളവില്‍ എണ്ണ കൈപ്പറ്റി സൗദിയ്‌ക്ക് ഉയര്‍ന്ന സാമ്പത്തികം ഉറപ്പാക്കാന്‍ അമേരിക്കയേക്കാള്‍ ചൈനയ്‌ക്ക് സാധിക്കുമെന്ന് മര്‍ഫി വ്യക്തമാക്കി.