കെയ്‌റോ : സുഡാന്‍റെ തെക്കുഭാഗത്ത് ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ രണ്ട് ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് 220 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എത്യോപ്യയുടെയും ദക്ഷിണ സുഡാന്‍റെയും അതിർത്തിയായ ബ്ലൂ നൈൽ പ്രവിശ്യയിൽ ഈ മാസമാദ്യമാണ് ഭൂമി തര്‍ക്കത്തിന്‍റെ പേരില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. ആഭ്യന്തര യുദ്ധങ്ങളും രാഷ്‌ട്രീയ പോരാട്ടങ്ങളും ഏറെ കണ്ട ആഫ്രിക്കയില്‍ മറ്റൊരു ദുരന്ത ഏടായിരിക്കുകയാണ് ഹൗസാ - ബെർട്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍.
മരണസംഖ്യ ഉയരാമെന്നും മെഡിക്കല്‍ സംഘത്തിന് സംഘര്‍ഷബാധിത പ്രദേശത്ത് എത്താനായിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ മൃതദേഹങ്ങളും വീടുകള്‍ അഗ്നിക്കിരയായതും കാണാം. സ്‌ത്രീകള്‍ കുട്ടികളുമായി പലായനം ചെയ്യുന്നതായും 7000ത്തിലധികം പേര്‍ റുസ്യാരിസ് നഗരത്തിലേക്ക് മാറിയതായും യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന്‍റെ റിപ്പോര്‍ട്ടുകളിലുമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാന്‍ ഭരണകൂടം വാദ് ഇൽ-മാഹിയില്‍ രാത്രികാല കർഫ്യൂവിന് ഉത്തരവിടുകയും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്താനായി സമിതിയെ നിയോഗിച്ചതായി സുഡാന്‍ സര്‍ക്കാരിന് കീഴിലുള്ള വാര്‍ത്താഏജന്‍സിയായ സുന റിപ്പോര്‍ട്ട് ചെയ്‌തു.