ലണ്ടന്‍: ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ സമ്പത്ത് ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമാകുകയാണ്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും ഒരേസമയം അനുഭവിക്കുന്ന ബ്രിട്ടനില്‍ സാധാരണക്കാര്‍ പൊറുതി മുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ആഡംബരത്തില്‍ ജീവിക്കുന്ന സുനകിന് സാധാരക്കാരുടെ ജീവിതവുമായി താദാത്മ്യപ്പെടാന്‍ സാധിക്കുമോ എന്നുള്ള ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
ഋഷി സുനകിനും ഭാര്യ അക്ഷത മൂര്‍ത്തിക്കും കൂടി 730 മില്യണ്‍ യൂറോയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിലെ രാജാവ് ചാള്‍സിനും ഭാര്യയ്ക്കും കൂടി 350 മില്യണ്‍ യൂറോയുടെ സ്വത്തുക്കളെ ഉള്ളൂ. അതായത് രാജ സമ്പത്തിനെക്കാള്‍ ഇരട്ടിയാണ് ഋഷി സുനകിന്‍റെ സമ്പാദ്യം. ഋഷി സുനകിന്‍റെ കുടുംബത്തിന് ലണ്ടന്‍, യോര്‍ക്ക്‌ഷേയര്‍, യുഎസിലെ സാന്‍റാമോണിക്ക എന്നിവിടങ്ങളില്‍ ആഡംബര വസതികള്‍ ഉണ്ട്.
ഇന്‍ഫോസിസില്‍ നിന്നുള്ള വരുമാനം ശതകോടി: അക്ഷതമൂര്‍ത്തിക്ക് ഈ വര്‍ഷം ഇന്‍ഫോസിസില്‍ നിന്നുള്ള ഓഹരി ഡിവിഡന്‍റില്‍ നിന്ന് മാത്രമുള്ള വരുമാനം 126കോടി രൂപയാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് അക്ഷത മൂര്‍ത്തിയുടെ പിതാവായ നാരയണ മൂര്‍ത്തി സ്ഥാപിച്ച ഇന്‍ഫോസിസ്. ഇന്‍ഫോസിസിന്‍റെ 0.93ശതമാനം ഓഹരി (3.89 കോടി ഓഹരികള്‍)അക്ഷതമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതാണ്.
അക്ഷതയുടെ കൈവശമുള്ള ഇന്‍ഫോസിസ് ഓഹരികളുടെ വിപണിമൂല്യം 5,956 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒരു ഓഹരിക്ക് 16 രൂപവച്ചുള്ള ഡിവിഡന്‍റ് ഈ വര്‍ഷം മെയി 31നാണ് ഇന്‍ഫോസിസ് നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ഒരു ഓഹരിക്ക് 16.5 രൂപവച്ചുള്ള ഡിവിഡന്‍റ് ഈ മാസവും ഓഹരി ഉടമകള്‍ക്ക് ഇന്‍ഫോസിസ് നല്‍കി.
ഈ രണ്ട് ഡിവിഡന്‍റുകളും കണക്കാക്കുമ്പോള്‍ ഒരു ഓഹരിക്ക് 32.5 രൂപ എന്ന നിലയില്‍ ഈ വര്‍ഷം ഓഹരി ഉടമകള്‍ക്ക് ലഭിച്ചു. അങ്ങനെ കണക്കാക്കുമ്പോഴാണ് ഈ വര്‍ഷം അക്ഷതയ്‌ക്ക് ഡിവിഡന്‍റ് ഇനത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് 126.61 കോടി ലഭിച്ചത്. 2021ലും ഡിവിഡന്‍റ് ഇനത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് അക്ഷതയ്‌ക്ക് നൂറ് കോടിയിലേറെ ലഭിച്ചിരുന്നു.
യുകെയില്‍ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട വിവാദം: അക്ഷത യുകെയില്‍ അടക്കുന്ന നികുതി സംബന്ധിച്ച് വലിയ രാഷ്‌ട്രീയ വിവാദം ഉയര്‍ന്നിരുന്നു. അക്ഷതമൂര്‍ത്തിയുടെ നോണ്‍ഡൊമസില്‍ സ്റ്റാറ്റസ് സംബന്ധിച്ചായിരുന്നു ഈ വിവാദം. നോണ്‍ ഡൊമിസില്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് ബ്രിട്ടന് പുറത്ത് നിന്നുള്ള വരുമാനത്തിന് രാജ്യത്ത് നികുതിയടക്കേണ്ടതില്ല.
നോണ്‍ ഡൊമിസില്‍ സ്റ്റാറ്റസിലൂടെ കോടിക്കണക്കിന് തുകയാണ് അക്ഷതമൂര്‍ത്തി നികുതി ഇനത്തില്‍ ലാഭിച്ചത്. സാങ്കേതികത്വത്തിന്‍റെ പേര് പറഞ്ഞ് ഇങ്ങനെ നികുതിയടക്കാത്തതിന്‍റെ ധാര്‍മികതയെ ഋഷി സുനകിന്‍റെ രാഷ്‌ട്രീയ എതിരാളികള്‍ ചോദ്യം ചെയ്‌തു. താന്‍ ഇന്ത്യന്‍ പൗരയായത് കൊണ്ട് ബ്രിട്ടന് പുറത്തുനിന്നുള്ള വരുമാനത്തിന് സാങ്കേതികമായി നികുതിയടക്കേണ്ടതില്ലെങ്കിലും ബ്രിട്ടീഷ് മര്യാദയനുസരിച്ച് എല്ലാ വരുമാനങ്ങള്‍ക്കും നികുതിയടക്കുമെന്ന് അക്ഷത മൂര്‍ത്തി വിവാദം ശക്തമായപ്പോള്‍ പ്രഖ്യാപിച്ചു.