വാൻകൂവർ (കാനഡ): 1985ലെ എയർ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട റിപുദമൻ സിങ് മാലിക് (75) വെടിയേറ്റ് മരിച്ചു. വ്യാഴാഴ്‌ച രാവിലെ കാനഡയിലെ വാൻകൂവറിൽ ഓഫിസിലേക്ക് പോകുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റാണ് റിപുദമൻ മാലിക് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും മൂന്ന് വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം കത്തുന്ന കാർ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്‍റെ ലക്ഷ്യമെന്തെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു. ലക്ഷ്യം വെച്ചുള്ള വെടിവയ്‌പ്പ് ആണിതെന്നും അതിനാൽ പൊതുജനങ്ങൾക്ക് അപകട ഭീഷണി ഇല്ലെന്നും ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു.
1985ലെ എയർ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണ കേസിൽ 2005ൽ മാലിക് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. 331 പേരുടെ മരണത്തിനിടയാക്കിയ 1985ലെ രണ്ട് ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടക്കൊല, ഗൂഢാലോചന എന്നീ കുറ്റങ്ങളായിരുന്നു മാലികിനെതിരെയും കൂട്ടുപ്രതിയായ അജയ്‌ബ് സിങ്ങിനെതിരെയും ചുമത്തിയിരുന്നത്. എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് ബ്ലാക്ക് ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്‌ത ശേഷം 2019 ഡിസംബറിൽ മാലിക് ഇന്ത്യ സന്ദർശിച്ചിരുന്നു.
കനേഡിയൻ ചരിത്രത്തിലെയും എയർലൈൻസിന്‍റെ ചരിത്രത്തിലെയും ഏറ്റവും മോശമായ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു 1985ലെ എയർ ഇന്ത്യ ബോംബാക്രമണം. 1985 ജൂൺ 23ന് മോൺട്രിയൽ-ലണ്ടൻ-ഡൽഹി-മുംബൈ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന കനിഷ്‌ക വിമാനം ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിച്ച് വിമാനയാത്രികരായിരുന്ന 329 പേരും മരിച്ചിരുന്നു. മരിച്ചവരിൽ 268 പേർ കനേഡിയൻ പൗരന്മാരും 24 ഇന്ത്യൻ പൗരന്മാരുമായിരുന്നു.
ജപ്പാനിൽ നിന്ന് യാത്ര ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മറ്റൊരു എയർ ഇന്ത്യ വിമാനത്തിലും ബോംബ് സ്‌ഫോടനം പദ്ധതിയിട്ടിരുന്നുവെങ്കിലും ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിൽ വച്ച് ബോംബ് പൊട്ടിത്തെറിച്ച് ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
16,000ത്തിലധികം അംഗങ്ങളുള്ള വാൻകൂവർ ആസ്ഥാനമായുള്ള ഖൽസ ക്രെഡിറ്റ് യൂണിയന്‍റെ (കെ.സി.യു) മേധാവിയായിരുന്നു മാലിക്. സമീപ വർഷങ്ങളിൽ ഖൽസ സ്‌കൂളിന്‍റെ ചെയർമാനായി മാലിക് സേവനമനുഷ്‌ഠിക്കുകയും സറേയിലെയും വാൻകൂവറിലെയും രണ്ട് സ്വകാര്യ സ്‌കൂളുകളുടെ കാമ്പസുകൾ നിയന്ത്രിച്ചിരുന്നതായും കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗുരു ഗോവിന്ദ് സിങ്ങിന്‍റെ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന്‍റെ സ്‌മരണക്കായി ഡിസംബർ 26 വീർ ബൽ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ മാലിക് പ്രശംസിച്ചിരുന്നു.