ബെയ്‌ജിങ്: കൊവിഡ് ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ 5.2, ബിഎഫ് 7 വ്യാപനം, ചൈനയെ വീണ്ടും പിടിച്ചുലച്ചിരിക്കുകയാണ്. ഈ വ്യാപനം വീണ്ടും പുതിയ വകഭേദങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ദേശങ്ങളും നിരവധി സജ്ജീകരണങ്ങളുമാണ് രാജ്യത്തെ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ വൈറസ് വ്യാപനം നിരീക്ഷിക്കുന്നതിന് രാജ്യവ്യാപകമായി ചൈനീസ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ ബെയ്‌ജിങ്ങില്‍ ഒമിക്രോണ്‍ വകഭേദ കേസുകള്‍ ഗുരുതരമായ രീതിയിലേക്ക് ഉയര്‍ന്നേക്കുമെന്ന് പീക്കിങ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്‌പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്‌ധൻ വാങ് ഗ്വാങ്ഫ മുന്നറിയിപ്പ് നൽകി. അതേസമയം, പുതിയ തരംഗം രാജ്യത്തിന്‍റെ ആരോഗ്യ രംഗത്തിന് തെല്ലല്ലാത്ത പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദ കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യത കൂടുതലായതിനാല്‍ നേരിടാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമത്തിലാണ്.
'ബിഎഫ് 7 അതിവ്യാപന ശേഷിയുള്ളത്': 'വിഷയത്തില്‍ ഞങ്ങൾ അടിയന്തരമായി ഇടപെടുന്നുണ്ട്. പനി വാര്‍ഡുകള്‍, അത്യാഹിത വിഭാഗങ്ങള്‍ തുടങ്ങിയവ സജ്ജമാക്കുന്നുണ്ട്'- വാങ് ഗ്വാങ്ഫ പറഞ്ഞു. ആശുപത്രികളില്‍ പ്രാഥമിക നടപടികളെന്ന നിലയില്‍ ഐസിയു കിടക്കകൾ കൂടുതല്‍ ഒരുക്കുന്നുണ്ട്. ഇതിനായുള്ള തയ്യാറെടുപ്പുകളിലാണ് വകുപ്പ്. ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടുപ്രകാരം വേഗത്തില്‍ വ്യാപനം നടക്കുന്നതാണ് ബിഎ.5.2, ബിഎഫ് 7 എന്നീ വകഭേദങ്ങള്‍. ഇക്കൂട്ടത്തില്‍ തന്നെ അതിവേഗ വ്യാപന ശേഷിയുള്ളതാണ് ബിഎഫ് 7. ബെയ്‌ജിങ്ങില്‍ പടരുന്നത് ഈ വിഭാഗത്തില്‍പ്പെട്ട ഒമിക്രോണാണ്.
ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് ബെയ്‌ജിങ്ങിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള ശ്‌മശാനങ്ങളിൽ തിരക്ക് വര്‍ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ഏഴ് മരണമാണ് ബെയ്‌ജിങ്ങിലുണ്ടായത്. പല ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളും ജലദോഷത്തിനും പനിയ്‌ക്കുമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഉത്‌പാദനം കൂട്ടിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് വ്യാപനം വര്‍ധിച്ചത്. ഈ മാസം ആദ്യം വരെ പൊതുയിടങ്ങള്‍ സന്ദർശിക്കാൻ കൊവിഡ് പരിശോധന നിര്‍ബന്ധമായിരുന്നു. ഇതടക്കമുള്ള നിയന്ത്രണങ്ങളാണ് പ്രതിഷേധത്തെ തുടര്‍ന്ന് എടുത്തുമാറ്റിയത്.