ടെല്‍ അവീവ് : ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നത്തിന് ദ്വിരാഷ്ട്ര ആശയമാണ് ശാശ്വത പരിഹാരമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രയേലിനൊപ്പം ഒരു സ്വതന്ത്ര പലസ്‌തീനും സാധ്യമാകണം. ഇരു രാജ്യങ്ങളിലും ജനങ്ങള്‍ക്ക് സുരക്ഷിതത്വത്തിലും സമാധാനത്തോടെയും അന്തസോടെയും ജീവിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കാന്‍ ആ രാജ്യത്തെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം (Joe Biden On Israel Palestine War).
ഇരുരാജ്യങ്ങളും സഹവര്‍ത്തിത്വത്തിലാകണം. ഇപ്പോള്‍ നടക്കുന്ന രൂക്ഷമായ ആക്രമണങ്ങള്‍ അതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നതാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരിപൂര്‍ണ സമാധാനത്തോടെ ജീവിക്കാനാകുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് എക്സിലൂടെ അദ്ദേഹം ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും പുനരുദ്ധാരണത്തിന് മാനുഷിക പിന്തുണയായി 100 മില്യണ്‍ ഡോളറിന്‍റെ സഹായധന പ്രഖ്യാപനവും നടത്തി.
'യുദ്ധത്തില്‍ എല്ലാം നഷ്ടമായ ഒരു ദശലക്ഷത്തിലേറെ പേര്‍ക്ക് സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഹമാസിലേക്കോ മറ്റ് ഭീകര വിഭാഗങ്ങളിലേക്കോ ഈ സഹായധനം എത്തില്ലെന്ന് ഉറപ്പുവരുത്തും' - ജോ ബൈഡന്‍ വ്യക്തമാക്കി (Biden supports two-state solution). അതേസമയം ഹമാസിനെതിരെ അദ്ദേഹം നിലപാട് കടുപ്പിക്കുകയും ചെയ്‌തു.'ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പലസ്തീന്‍കാരില്‍ ഭൂരിപക്ഷവും ഹമാസല്ല, കൂടാതെ ഹമാസ് പലസ്‌തീനെ പ്രതിനിധീകരിക്കുന്നുമില്ല' - ബൈഡന്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു (Joe Biden About Hamas).
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ പൊടുന്നനെ ഹമാസ് ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെയാരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇതുവരെ പലസ്തീന്‍ പക്ഷത്ത് 3500 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇസ്രയേലില്‍ 1400 ലേറെ പേര്‍ കൊല്ലപ്പെട്ടതായുമാണ് കണക്ക് (Israel Hamas War).
ഗാസയില്‍ നിന്ന് ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന്, കരയുദ്ധം ശക്തമാക്കുന്നതിന്‍റെ സൂചനയെന്നോണം ഇസ്രയേല്‍ നേരത്തേ അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം ഒരുഭാഗത്ത് ആക്രമണം രൂക്ഷമാകുമ്പോള്‍, ഭക്ഷണവും വെള്ളവും ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും ലഭിക്കാതെയും ഗാസയിലെ ജനങ്ങള്‍ അതിദുരിതത്തിലായിരിക്കുകയാണ്. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം, ഈജിപ്റ്റില്‍ നിന്നുള്ള സഹായങ്ങളുമായി ഗാസ ലക്ഷ്യമിട്ടെത്തുന്ന കപ്പലിന് പ്രവേശനാനുമതി നല്‍കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിട്ടുണ്ട് (Gaza Hospital Blast).