ലണ്ടൻ: കോഡിംഗ് വഴി ലൈംഗികബന്ധം ആവശ്യപ്പെട്ട മേലധികാരിക്കെതിരെ ഐടി ജീവനക്കാരി കേസ് കൊടുത്തതായി വാർത്ത. ഇമെയിലിൽ കോഡുകൾ ഉപയോഗിച്ചു തന്നോട് മോശമായി പെരുമാറിയ ബോസിനെതിരെ ലണ്ടനിലാണ് യുവതി കേസ് ഫയൽ ചെയ്‌തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ലണ്ടൻ സ്വദേശിയായ കരീന ഗാസ്‌പറോവയാണ് തന്‍റെ മേലധികാരി അലക്‌സാണ്ടർ ഗൗലാൻഡ്രിസിനെതിരെ പരാതി നൽകിയത്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, 'എക്‌സ് എക്‌സ്' എന്നീ കോഡുകൾ ചുംബനങ്ങളെയും 'വൈ വൈ' എന്ന കോഡുകൾ ലൈംഗിക ബന്ധത്തെയും '????' എന്നത് എപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സന്നദ്ധയാകും എന്നതാണെന്നുമാണ് ഗാസ്‌പറോവ ലണ്ടൻ സെൻട്രൽ കോടതിയിലെ എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ കോടതിയിൽ വാദിച്ചത്.
വ്യാപാര പ്രശ്‌ന പരിഹാരങ്ങൾ നൽകുന്ന കമ്പനിയായ 'എസ്‌ഡോക്‌സ്' ന്‍റെ ലണ്ടൻ ഓഫിസിൽ പ്രോജക്‌ട് മാനേജരായിരുന്നു ഗാസ്‌പറോവ. ലൈംഗിക പീഡനം, വിവേചനം, അന്യായമായ പിരിച്ചുവിടൽ എന്നീ പരാതികൾ ഉന്നയിച്ചാണ് ഗാസ്‌പറോവ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. അലക്‌സാണ്ടർ ഗൗലാൻഡ്രിസ് തന്‍റെ ഇനീഷ്യലുകളുള്ള ഒരു വർക്ക് ഫയലിന്‍റെ പേര് 'എജിഗ്' എന്ന് പുനർനാമകരണം ചെയ്തെന്നും അത് 'എ ജംബോ ജെനിറ്റൽ' എന്നതിന്‍റെ ചുരുക്കമാണെന്നും ഗാസ്‌പറോവ ആരോപിച്ചു.
തന്‍റെ ബോസ് അലക്‌സാണ്ടർ തന്നോട് 'നല്ല സായാഹ്നം' എന്ന കോഡുചെയ്‌ത വാചകം ഉപയോഗിച്ചതായും വാദത്തിനിടയിൽ യുവതി ആരോപിച്ചു. ഇതിന് പുറമെ ഓഫിസിൽ വച്ച് തന്‍റെ ബോസ് തന്‍റെ കയ്യിൽ അനാവശ്യമായി സ്‌പർശിച്ചെന്നും യുവതി പറയുന്നു. എന്നാൽ ഗാസ്‌പറോവയുടെ ആരോപണങ്ങൾ എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ നിരസിച്ചു. വിധി പ്രസ്‌താവനയിൽ തെളിവുകളില്ലാതെ അസാധാരണമായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള പ്രവണതയാണ് യുവതിയുടേതെന്നും പറഞ്ഞു.